കെ ബാബുവിന് ആശ്വാസം, എംഎല്‍എ ആയി തുടരാം; എം സ്വരാജിന്റെ ഹർജി തള്ളി

കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹർജി കോടതി തള്ളി.
കെ ബാബുവിന് ആശ്വാസം, എംഎല്‍എ ആയി തുടരാം; എം സ്വരാജിന്റെ ഹർജി തള്ളി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി കെ ബാബു എംഎൽഎയ്ക്ക് അനുകൂലം. കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹർജി കോടതി തള്ളി. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കേസിലെ വിധി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് വാദിച്ചത്.

ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. വോട്ടർമാർക്ക് മതചിഹ്നമുള്ള സ്ലിപ്പ് നൽകി എന്നതിന് തെളിവില്ല. സാക്ഷിമൊഴികൾ മാത്രമായി പരിഗണിക്കാൻ കഴിയില്ല. സാക്ഷിമൊഴിയെ സാധൂകരിക്കുന്ന തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു വിജയിച്ചതും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് തോറ്റതും കേവലം 992 വോട്ടുകള്‍ക്കാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയം യുഡിഎഫ് പ്രചാരണ ആയുധമാക്കിയ തിരഞ്ഞെടുപ്പില്‍ കെ ബാബുവിന്റെ വിജയം ഹൈക്കോടതി കയറി. കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവും വിജയവും നിയമവിരുദ്ധമാണെന്ന് എം സ്വരാജ് വാദിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചു. കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് യുഡിഎഫ് തൃപ്പൂണിത്തുറയില്‍ പ്രചാരണം നടത്തി. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും എം സ്വരാജ് പറയുന്നു. അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്‌സ് സ്ലിപ്പ് ഉള്‍പ്പടെയുള്ള പ്രചാരണ സാമഗ്രികളും എം സ്വരാജ് തെളിവായി ഹാജരാക്കി.

എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു കെ ബാബുവിന്റെ മറുപടി വാദം. ഈ വാദം തള്ളിയ ഹൈക്കോടതി കേസ് നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. ഹൈക്കോടതി പരാമര്‍ശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ബാബു സുപ്രീം കോടതിയെ സമീപിച്ചു. കെ ബാബുവിന്റെ ആദ്യ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ വിചാരണ തുടരാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നൽകി. വിചാരണ പൂര്‍ത്തിയാകാനിരിക്കെ നടപടിക്രമങ്ങള്‍ ചോദ്യം ചെയ്ത് കെ ബാബു നല്‍കിയ രണ്ടാം ഹര്‍ജിയും തള്ളിയതോടെ കെ ബാബുവിന് വീണ്ടും തിരിച്ചടിയായി. എല്‍ഡിഎഫ് കൃത്രിമമായി ഉണ്ടാക്കിയ തെളിവാണിതെന്നായിരുന്നു കെ ബാബുവിന്റെ വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com