വിഴിഞ്ഞം തുറമുഖ നിർമാണം അന്തിമ ഘട്ടത്തിൽ; പുലിമുട്ട് നിർമാണം പൂർത്തിയായി

ഒരുമാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം
വിഴിഞ്ഞം തുറമുഖ നിർമാണം അന്തിമ ഘട്ടത്തിൽ; പുലിമുട്ട് നിർമാണം പൂർത്തിയായി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം അന്തിമ ഘട്ടത്തിൽ. കമ്മീഷനിങ്ങിന് മാസങ്ങൾ ശേഷിക്കെ തുറമുഖത്തെ പുലിമുട്ട് നിർമാണം പൂർത്തിയായി. യാഡിന്റെയും ബെർത്തിന്റെയും നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. അതിനിടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണത്തിന് പാരിസ്ഥിതികാനുമതി തേടി അദാനി ഗ്രൂപ്പ് അപേക്ഷ നൽകി. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം ഈ വർഷം അവസാനം കമ്മീഷൻ ചെയ്യുമെന്നാണ് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിനു നൽകിയ ഉറപ്പ്.

ഒന്നാംഘട്ടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകും. ആകെ വേണ്ട 3000 മീറ്റർ പുലിമുട്ടും ഇതിനകം നിർമിച്ചു കഴിഞ്ഞു. പുലിമുട്ട് ബലപ്പെടുത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ആകെ വേണ്ടത് 800 മീറ്റർ ബെർത്താണ്. 650 മീറ്റർ ബെർത്ത് നിർമാണം പൂർത്തിയായി. 56 ഹെക്ടർ വേണ്ട യാഡിൽ 40 ഹെക്ടറോളം പണി കഴിഞ്ഞു. ഒരുമാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ആകെ ആവശ്യമുള്ള 32 ക്രയിനുകളിൽ 21 എണ്ണം ചൈനയിൽ നിന്നും വിഴിഞ്ഞത്ത് എത്തിച്ചിരുന്നു.

ബാക്കിയുള്ള 11 ക്രെയിനുകൾ ഈ മാസം തന്നെ എത്തിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ആദ്യഘട്ടം പൂർത്തിയാകുന്നതിനനുസരിച്ച് രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണം തുടങ്ങും. 9700 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള പാരിസ്ഥിതിക അനുമതിക്കായി അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com