'പത്മജയുടേത് തരംതാണ പ്രവൃത്തി, അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല'

അമ്മയുടെ ഓർമ്മ ദിനത്തിൽ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാൻ പറ്റിയെന്ന് മുരളീധരൻ
'പത്മജയുടേത് തരംതാണ പ്രവൃത്തി, അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല'

തിരുവനന്തപുരം: പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ വച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പത്മജ വേണുഗോപാൽ ബിജെപി അംഗത്വം നൽകിയതിനെതിരെ ആഞ്ഞടിച്ച് സഹോദരനും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണ്. അമ്മയുടെ ഓർമ്മ ദിനത്തിൽ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാൻ പറ്റിയെന്ന് മുരളീധരൻ ചോദിച്ചു.

'അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ല. ഈ വർഗീയ ശക്തികളെ ഞങ്ങൾ തൃശ്ശൂരിൽ നിന്ന് തുടച്ചുനീക്കും എന്ന് ഇന്ന് പ്രതിജ്ഞയെടുക്കുന്നു' മുരളീധരൻ പറഞ്ഞു. കെ കരുണാകരൻ്റെ സ്മൃതി മണ്ഡപത്തോട് ചേർന്ന് തയ്യാറാക്കിയ വേദിയിൽ വച്ചായിരുന്നു അംഗത്വവിതരണം നടത്തിയത്.

അമ്മയുടെ ഓർമ്മദിനത്തിലാണ് പ്രതിജ്ഞയെടുക്കുന്നത്. പത്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേരാണ് ബിജെപിയിൽ പോയതെന്ന് മുരളീധരൻ പറഞ്ഞു. ഇന്നത്തേത് ചീപ്പ് പ്രവൃത്തിയായിരുന്നു. തന്നെ ആരും ഉപദേശിക്കാൻ വരേണ്ട. ഏപ്രിൽ 26 കഴിയട്ടെ. അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും മുരളീധരൻ പറഞ്ഞു. അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ നിയോജകമണ്ഡലത്തിലെ കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റേയും മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ മുപ്പതോളം പേർക്കാണ് ബിജെപി അംഗത്വം നൽകിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡൻ്റ് അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടത്തിയത്. സ്ത്രീകൾക്ക് ബഹുമാനം കൊടുക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും പാർട്ടിയിൽ ചേർന്നത് അച്ഛനും കൂടി വേണ്ടിയാണെന്നും പത്മജ പറഞ്ഞു. യോഗത്തിൽ കോൺഗ്രസിനെ പത്മജ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com