കെ ബാബുവിന്റെ വിജയം അസാധുവാക്കണം; എം സ്വരാജിന്റെ ഹർജിയില്‍ വിധി വ്യാഴാഴ്ച

മതഹചിഹ്നങ്ങള്‍ ഉപയോഗിച്ച് ബാബു വോട്ടുപിടിച്ചെന്നാണ് ആരോപണം
കെ ബാബുവിന്റെ വിജയം അസാധുവാക്കണം; എം സ്വരാജിന്റെ ഹർജിയില്‍ വിധി വ്യാഴാഴ്ച

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് സ്വരാജിന്റെ ഹർജിയിലെ ആവശ്യം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. മതഹചിഹ്നങ്ങള്‍ ഉപയോഗിച്ച് ബാബു വോട്ടുപിടിച്ചെന്നാണ് ഹർജിയിൽ സ്വരാജിൻ്റെ വാദം.

ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം വോട്ടേഴ്‌സ് സ്ലിപ്പില്‍ ഉപയോഗിച്ചെന്ന് സ്വരാജ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് എറ്റവും കൂടുതല്‍ വാശിയേറിയ പോരാട്ടമായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു 992 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയര്‍ത്തി അയ്യപ്പനെ മുന്‍നിര്‍ത്തിയാണ് ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു.

കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവും ഹൈക്കോടതിയിലെത്തി. ഹര്‍ജി പരിഗണിച്ച കോടതി ബാബുവിന്റെ തടസ്സവാദം തള്ളി സ്വരാജ് നല്‍കിയ കേസ് നിലനില്‍ക്കുന്നതെന്നും വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയിലും ബാബു അപ്പീല്‍ പോയെങ്കിലും കേസ് നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഈ കേസിലാണ് വ്യാഴാഴ്ച ഹെക്കോടതി ജസ്റ്റിസ് പി അജിത് കുമാര്‍ വ്യാഴാഴ്ച ഉച്ച രണ്ടിന് വിധി പറയുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com