പാനൂര്‍ സ്‌ഫോടനം: പിടിയിലായത് മുഖ്യ ആസൂത്രകന്‍, ചോദ്യം ചെയ്യല്‍ തുടരുന്നു

ചികിത്സയില്‍ കഴിയുന്ന വിനീഷും പിടിയിലായ ഷിജാലുമാണ് ബോംബ് നിര്‍മ്മാണത്തിന്റെ പ്രധാന ആസൂത്രകര്‍ എന്നാണ് പൊലീസ് കരുതുന്നത്
പാനൂര്‍ സ്‌ഫോടനം: പിടിയിലായത് മുഖ്യ ആസൂത്രകന്‍, ചോദ്യം ചെയ്യല്‍ തുടരുന്നു

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പിടിയിലായ മുഖ്യസൂത്രധാരന്‍ ഷിജാലിനെയും പ്രതി അക്ഷയ്‌യെയും പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്നലെ വൈകുന്നേരം പാലക്കാട് വെച്ചാണ് ഷിജാലിനെ പൊലീസ് പിടികൂടിയത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിനീഷും പിടിയിലായ ഷിജാലുമാണ് ബോംബ് നിര്‍മ്മാണത്തിന്റെ പ്രധാന ആസൂത്രകര്‍ എന്നാണ് പൊലീസ് കരുതുന്നത്.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിനീഷിനെ കാര്യമായി ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഷിജാല്‍ കസ്റ്റഡിയിലായതോടെ കേസിലെ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താനാകും എന്ന് അന്വേഷണസംഘം കരുതുന്നു. ബോംബ് നിര്‍മ്മാണത്തിന്റെ യഥാര്‍ത്ഥ കാരണവും ഷിജാലിലൂടെ പൊലീസിന് കണ്ടെത്താന്‍ കഴിയും. ഒളിവില്‍ ഉള്ളവരെ കൂടി കണ്ടെത്താന്‍ കഴിഞ്ഞതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസിന്റെ പിടിയിലായി. രണ്ടുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ബോംബ് സ്‌ഫോടനമുണ്ടായത്. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉള്‍പ്പെടെ പന്ത്രണ്ട് പേരാണ് പാനൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതികള്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൂത്തുപറമ്പ് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മുഴുവന്‍ ബോംബുകളും നിര്‍വീര്യമാക്കിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com