അനിതയുടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ആരോഗ്യവകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷാണ് ഹര്‍ജിയിലെ എതിര്‍കക്ഷി
അനിതയുടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് ഓഫീസര്‍ പി ബി അനിതയുടെ സ്ഥലംമാറ്റത്തിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷാണ് കോടതിയലക്ഷ്യ ഹര്‍ജിയിലെ എതിര്‍കക്ഷി. അനിതയെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ വകുപ്പ് ഇന്ന് ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചേക്കും. അനിതയെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കുന്നതായിരുന്നു മാര്‍ച്ച് ഒന്നിലെ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. അനിത എന്തെങ്കിലും കുറ്റം ചെയ്തതായി സര്‍ക്കാരിന് ആക്ഷേപമില്ലെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് ഇവരെ സ്ഥലം മാറ്റിയ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നതിനാണ് സ്ഥലംമാറ്റിയതെന്നാണ് ആക്ഷേപം. തുടര്‍ന്ന് തന്നെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടിക്കെിരെ ഇവര്‍ ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. എന്നാല്‍, അനിതയെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കിയിട്ടും സര്‍ക്കാര്‍ ഇവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

എന്നാല്‍, പ്രതിപക്ഷ സംഘടനകളുടെയടക്കം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു. ഞായറാഴ്ച ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. സ്ഥലംമാറ്റം റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com