പാനൂര്‍ ബോംബ് സഫോടനം; ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും നേരിട്ട് പങ്ക്

പാര്‍ട്ടിക്ക് ബന്ധമില്ലെന്ന നേതൃത്വത്തിന്റെ വാദം പൊളിയുകയാണ്
പാനൂര്‍ ബോംബ് സഫോടനം; ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും നേരിട്ട് പങ്ക്

കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്‌ഫോടനം നടന്ന സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കളടക്കം കസ്റ്റഡിയിലായ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന വാദം പൊളിയുന്നു. ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു, ചെറുപറമ്പ് ചിറക്കരാണ്ടിമ്മല്‍ സായൂജ് എന്നിവര്‍ കേസില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അമല്‍ ബാബുവിനെ ഇന്നലെ രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മിഥുന്‍ലാലിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ സ്‌ഫോടന കേസില്‍ ഡിവൈഎഫ്‌ഐക്കും പങ്കുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. കൂടാതെ ഒളിവിലുള്ള പ്രതി ഷിജാല്‍ ഡിവൈഎഫ്‌ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ്. കേസില്‍ പ്രതികളായ നാല് പേര്‍ക്ക് പ്രത്യക്ഷമായ പാര്‍ട്ടി ബന്ധവുമുണ്ട്.

സംഭവ സമയത്ത് അമല്‍ ബാബു സ്ഥലത്തുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അന്നേ ദിവസം മിഥുന്‍ലാല്‍ ബെംഗളൂരുവില്‍ ആയിരുന്നുവെങ്കിലും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ബോംബ് നിര്‍മാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. ചെറുപ്പറമ്പ് അടുങ്കുടിയവയലില്‍ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (27), സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ കിഴക്കയില്‍ അതുല്‍ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയില്‍ അരുണ്‍ (29) എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേര്‍. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ ഇന്നലെയാണ് പുലര്‍ച്ചെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് സായൂജിനെ പിടികൂടിയത്.

പാനൂരില്‍ നിര്‍മാണത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരണപ്പെട്ടത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൂത്തുപറമ്പ് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത മുഴുവന്‍ ബോംബുകളും നിര്‍വീര്യമാക്കിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ രാത്രി ഒരു മണിക്കായിരുന്നു സ്‌ഫോടനം. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സിപിഐഎം പ്രദേശിക നേതാക്കള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ വീട് സന്ദര്‍ശിച്ചത് വിവാദമായിരുന്നു. പാര്‍ട്ടിക്ക് സഭവവമായി ബന്ധമില്ലെന്ന് വാദിക്കുമ്പോഴായിരുന്നു നേതാക്കളുടെ വീട് സന്ദര്‍ശനം. ഇതിനു പിന്നാലെ കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റിലായതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com