'അത് കേന്ദ്രത്തിന്റേതാ, കേരളത്തിന് ഒന്നും ചെയ്യാനില്ല'; കയ്യൊഴിഞ്ഞ് ​മന്ത്രി, വലഞ്ഞ് വാഹന ഉടമകൾ

പരാതികൾ നിരവധി ലഭിക്കുന്നുണ്ട്. മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് പരിശോധനകളിൽ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
'അത് കേന്ദ്രത്തിന്റേതാ, കേരളത്തിന് ഒന്നും ചെയ്യാനില്ല'; 
കയ്യൊഴിഞ്ഞ് ​മന്ത്രി, വലഞ്ഞ് വാഹന ഉടമകൾ

തിരുവനന്തപുരം: പുക പരിശോധനയിൽ വാഹനങ്ങൾ പരാജയപ്പെടുന്നതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്കുമാർ. സോഫ്റ്റ്‍വെയർ‌ കേന്ദ്രസർക്കാരിന്റേതാണ്. പരാതികൾ നിരവധി ലഭിക്കുന്നുണ്ട്. മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് പരിശോധനകളിൽ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

പുതിയ രീതിയിലുള്ള പുക പരിശോധനയിൽ നിരവധി വാഹനങ്ങളാണ് പരാജയപ്പെടുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് വകുപ്പിൽ ലഭിച്ചത്. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പുക പരിശോധന സംവിധാനം പലയിടങ്ങളിലും കൃത്യമായിരുന്നില്ല. പരിശോധന കൃത്യമാണെങ്കിൽ മാത്രമേ നിലവിൽ ഫലം അനുകൂലമാകൂ. പുക പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും ടെസ്റ്റ് നടത്താനാണ് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുന്നത്. ഒന്നിലേറെ തവണ പരിശോധന നടത്തിയിട്ടും പുക പരിശോധന പരാജയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രം​ഗത്തെത്തിയത്.

പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന പരിഷ്‌കരിച്ച മാര്‍ച്ച് 17 മുതല്‍ 31 വരെ 91.15 ശതമാനം വാഹനങ്ങളാണ് വിജയിച്ചത്. 8.85 ശതമാനം പരിശോധനയിൽ പരാജയപ്പെട്ടു. 1.6 ശതമാനമായിരുന്നു മുമ്പ് പരാജയതോത്. പഴയ സംവിധാനം അനുസരിച്ച് മാർച്ചിലെ ആദ്യ രണ്ടാഴ്ച അഞ്ചുലക്ഷം വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 8128 എണ്ണമാണ് പരാജയപ്പെട്ടത്. എന്നാൽ മാര്‍ച്ച് 17നുശേഷം പുതിയ രീതിയില്‍ 4,11,862 വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാജയനിരക്ക് 35,574 ആയി ഉയർന്നു എന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

ഇന്ധനജ്വലനത്തില്‍ പോരായ്മയുണ്ടെങ്കില്‍ വാഹനങ്ങള്‍ പുക പരിശോധനയില്‍ പരാജയപ്പെടും. ഈ വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടുമെത്തിച്ചാല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്‍ടമാകും. സര്‍ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 1500 രൂപ വാഹന ഉടമ പിഴ അടയ്ക്കേണ്ടിവരും.

'അത് കേന്ദ്രത്തിന്റേതാ, കേരളത്തിന് ഒന്നും ചെയ്യാനില്ല'; 
കയ്യൊഴിഞ്ഞ് ​മന്ത്രി, വലഞ്ഞ് വാഹന ഉടമകൾ
പള്ളികളില്‍ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; ബോധവത്കരണമെന്ന് വിശദീകരണം

Related Stories

No stories found.
logo
Reporter Live
www.reporterlive.com