പാനൂർ ബോംബ് സ്ഫോടനം; മുഖ്യ ആസൂത്രകനായ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

പാനൂരില്‍ ബോംബ് ഉണ്ടാക്കിയത് സിപിഐഎമ്മുകാരാണെന്നാണ് കോൺ​ഗ്രസും ബിജെപിയും ആരോപിച്ചത്
Representative Image
Representative Image

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യ ആസൂത്രകനായ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. ഡിവൈഎഫ്ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഇയാളെ പിടി കൂടിയത്. മറ്റൊരു പ്രതി അക്ഷയും പിടിയിലായി. പാനൂർ സ്ഫോടന കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികൾ ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് സമ്മതിച്ചിരുന്നു. തെറ്റുകാരെന്ന് തെളിഞ്ഞാൽ ഇവരെ ഡിവൈഎഫ്ഐ സംരക്ഷിക്കില്ലെന്നും സംഘടനാ തലത്തിൽ പരിശോധന നടത്തുമെന്നും സനോജ് പറഞ്ഞിരുന്നു.

പാനൂരില്‍ ബോംബ് ഉണ്ടാക്കിയത് സിപിഐഎമ്മുകാരാണെന്നാണ് കോൺ​ഗ്രസും ബിജെപിയും ആരോപിച്ചത്. ബോംബ് പൊട്ടി പരിക്കേറ്റത് സിപിഐഎമ്മുകാര്‍ക്കാണ്. മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് സിപിഐഎമ്മുകാരാണ്. എന്നിട്ട് എങ്ങനെ ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചത്. ആഭ്യന്തരമന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം വൃത്തികേടുകളെ പ്രോത്സാഹിപ്പിക്കുകയും കുടപിടിച്ചു കൊടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ പന്ത്രണ്ട് പേരാണ് പാനൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതികൾ. പാനൂരില്‍ നിര്‍മാണത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൂത്തുപറമ്പ് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മുഴുവന്‍ ബോംബുകളും നിര്‍വീര്യമാക്കിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സ്‌ഫോടനം. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com