അശോക് ദാസിന്റെ കൊലപാതകം: കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

സുഹൃത്തിന്റെ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് അശോക് ദാസ് കൊല്ലപ്പെട്ടത്
അശോക് ദാസിന്റെ കൊലപാതകം: കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

കൊച്ചി: തൊഴിലാളി അശോക് ദാസിന്റെ മരണത്തിനിടയാക്കിയ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹം സ്വദേശമായ അരുണാചല്‍ പ്രദേശിലേക്ക് കൊണ്ടുപോയേക്കും. കേസില്‍ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്ത 10 പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സുഹൃത്തിന്റെ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് അശോക് ദാസ് കൊല്ലപ്പെട്ടത്. വനിതാ സുഹൃത്തുമായുള്ള തര്‍ക്കത്തിന്റെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വീട്ടിനുള്ളില്‍ വെച്ചും സമീപത്ത് കെട്ടിയിട്ടും അശോക് ദാസിനെ മര്‍ദ്ദിച്ചത്. തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ഗുരുതര പരിക്കാണ് അശോക് ദാസിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്. അശോക് ദാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സ്വദേശമായ അരുണാചല്‍ പ്രദേശിലേക്ക് മൃതദേഹം കൊണ്ടുപോകുന്ന കാര്യത്തില്‍ ബന്ധുക്കള്‍ തീരുമാനമെടുക്കും. കേസില്‍ ഇതുവരെ 10 പ്രതികളാണ് അറസ്റ്റിലായത്. ഇവരെ പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂവാറ്റുപുഴ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും. കേസില്‍ കൂടുതല്‍ സാക്ഷികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ കൂടി എത്രയും വേഗം ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com