പി ബി അനിത കോഴിക്കോട് മെഡിക്കൽ കോളേജിൽ തിരികെ ജോലിയിൽ പ്രവേശിച്ചു; എത്തിയത് അതിജീവിതയ്‌ക്കൊപ്പം

തന്നെ ഭീഷണിപ്പെടുത്തിയവർക്ക് എതിരെ നടപടി വേണമെന്ന് പി ബി അനിത ആവശ്യപ്പെട്ടു.
പി ബി അനിത കോഴിക്കോട് മെഡിക്കൽ കോളേജിൽ തിരികെ ജോലിയിൽ പ്രവേശിച്ചു; എത്തിയത് അതിജീവിതയ്‌ക്കൊപ്പം

കോഴിക്കോട്: വിവാദങ്ങൾക്കൊടുവിൽ പി ബി അനിത തിരികെ ജോലിയിൽ പ്രവേശിച്ചു. അതിജീവിതയ്‌ക്കൊപ്പം എത്തിയാണ് അനിത ജോലിയിൽ പ്രവേശിച്ചത്. പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമനം നൽകാനുള്ള സർക്കാർ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പി ബി അനിത പ്രതികരിച്ചു. നിയമന ഉത്തരവ് വൈകിയതിൽ അതൃപ്തിയുണ്ടെന്നും നീതി ലഭിക്കണമെന്നും പി ബി അനിത പ്രതികരിച്ചു. തൻ്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ കോടതിയിൽ തെളിയിക്കട്ടെ. സർക്കാർ എല്ലാ ജീവനക്കാരുടെയും കൂടെ നിൽക്കണം. എല്ലാവരോടും നീതി പൂർവ്വമായ നിലപാട് സ്വീകരിക്കണം. കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകുമെന്നും പി ബി അനിത വ്യക്തമാക്കി. തന്നെ ഭീഷണിപ്പെടുത്തിയവർക്ക് എതിരെ നടപടി വേണമെന്നും പി ബി അനിത ആവശ്യപ്പെട്ടു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പീഡനം നേരിട്ട യുവതിക്കൊപ്പം നിന്നതിൻ്റെ പേരിലാണ് അനിതയ്ക്കെതിരെ നടപടിയുണ്ടായത് എന്നായിരുന്നു ആരോപണം ഉയർന്നത്. ഇന്നലെ രാത്രിയാണ് നഴ്സ് പി ബി അനിതയ്ക്ക് കോഴിക്കോട് തന്നെ നിയമനം നൽകിക്കൊണ്ടുള്ള ആരോഗ്യവകുപ്പ് ഉത്തരവിറങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരമിക്കൽ മൂലമുണ്ടായ ഒഴിവിൽ പി ബി അനിതയെ നിയമിക്കുന്നുവെന്നായിരുന്നു ഉത്തരവ്. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ തീരുമാനം. അനിതയ്ക്ക് നിയമനം നൽകാത്തത് വലിയ വിവാദമായിരുന്നു. പ്രതിപക്ഷ സംഘടനകളും വിഷയം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആരോഗ്യ വകുപ്പിൻ്റെ നടപടി.

കോടതിയുടെ അന്തിമ വിധിക്ക് വിധേയമായായിരിക്കും ഹെഡ് നഴ്സിനെ എവിടെ നിയമിക്കണം എന്നുള്ളതിൽ തീരുമാനമെടുക്കുകയെന്ന് നേരത്ത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പ്രതികരിച്ചിരുന്നു.  കോടതി വിധിക്കെതിരെയല്ല അപ്പീൽ നൽകിയിരിക്കുന്നതെന്നും ചില കാര്യങ്ങൾ കൂടി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് റിവ്യൂപെറ്റീഷൻ നൽകിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അനിതയ്ക്ക് നിയമനം നൽകില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും അന്തിമ കോടതി വിധിക്ക് വിധേയമായി നിയമനം നൽകുമെന്ന തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com