വിശന്ന് യാത്ര ചെയ്യേണ്ട; കെഎസ്ആർടിസിയില്‍ 'തിന്നും കുടിച്ചും' കാഴ്ച കാണാം

കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കറില്‍ കുടിവെള്ളവും ലക്ഷുഭക്ഷണവും ഒരുക്കും
വിശന്ന് യാത്ര ചെയ്യേണ്ട; കെഎസ്ആർടിസിയില്‍ 'തിന്നും കുടിച്ചും' കാഴ്ച കാണാം

തിരുവനന്തപുരം: ഓടുന്ന ബസ്സില്‍ ഇനി വിശന്നും ദാഹിച്ചും യാത്ര ചെയ്യേണ്ട. കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ 'തിന്നും കൂടിച്ചും' നഗര കാഴ്ച കാണാന്‍ വഴിയൊരുങ്ങുന്നു. ഇതിനായുള്ള നിര്‍ദ്ദേശം ഗതാഗമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്സിലാണ് യാത്രക്കാര്‍ക്ക് പുതിയ സൗകര്യം ഒരുക്കുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന ബസ്സില്‍ കുടിവെള്ളവും ലക്ഷുഭക്ഷണവും ഒരുക്കാനാണ് നീക്കം. അടുത്ത ദിവസം തന്നെ പുതിയ സൗകര്യം യാത്രക്കാര്‍ക്ക് ലഭ്യമാകും.

ബസിനുള്ളില്‍ പ്രത്യേകമായി തയ്യാറാക്കിയ റാക്കിലാണ് ലഘുഭക്ഷണവും പാനീയവും സജ്ജീകരിക്കുക. ആവശ്യമുള്ള യാത്രക്കാര്‍ക്ക് ബസിലെ കണ്ടക്ടര്‍ക്ക് തുക നല്‍കി വാങ്ങി ഉപയോഗിക്കാം. വേനലവധിക്കാലത്ത് ഇലക്ട്രിക് ഡബിള്‍ ഡക്കറില്‍ യാത്ര ചെയ്ത് നഗരക്കാഴ്ച്ചകള്‍ കാണാന്‍ കുട്ടികളുടെയും കുടുംബങ്ങളുടെയും തിരക്കേറുകയാണ്. അതിനാലാണ് പുതിയ സൗകര്യമൊരുക്കാന്‍ കോര്‍പ്പറേഷന്റെ തീരുമാനം. യാത്രക്കാരുടെ വലിയ പിന്തുണയും സഹകരണവുമാണ് ഈ സര്‍വീസിന് ലഭിക്കുന്നത്.

വേല്‍ക്കാല താപനില അതി കഠിനമായി ഉയരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഈ സൗകര്യം ഏറെ ആശ്വാസകരമാകും. രാവിലെയും വൈകീട്ട് മൂന്ന് മണി മുതല്‍ 10 മണി വരെ ഓരോ മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്. തലശ്ശേരിയിലും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് തുടങ്ങിയിരുന്നു.

വിശന്ന് യാത്ര ചെയ്യേണ്ട; കെഎസ്ആർടിസിയില്‍ 'തിന്നും കുടിച്ചും' കാഴ്ച കാണാം
കെഎസ്ആര്‍ടിസിയുടെ സേവനങ്ങൾ ജനോപകാരപ്രദമാകണം: നിർദ്ദേശങ്ങളിറങ്ങി

Related Stories

No stories found.
logo
Reporter Live
www.reporterlive.com