പി ബി അനിതയുടെ നിയമനം നടത്തുക കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി; പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

കോടതി വിധിക്കെതിരെ അപ്പീൽ അല്ല പോയിരിക്കുന്നത്. ചില കാര്യങ്ങൾ കൂടി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് റിവ്യൂപെറ്റീഷൻ നൽകിയതെന്ന് മന്ത്രി വീണാ ജോർജ്.
പി ബി അനിതയുടെ നിയമനം 
നടത്തുക കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി; പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പീഡനം നേരിട്ട യുവതിക്കൊപ്പം നിന്ന നഴ്സ് പി ബി അനിതയുടെ സ്ഥലംമാറ്റവുമവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജ്. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഫയൽ ഇന്നാണ് ആരോഗ്യവകുപ്പിലേക്ക് എത്തിയത്. ഫയലിൻമേലുള്ള തീരുമാനം എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആർക്ക് വേണമെങ്കിലും വിവരാവകാശ നിയമപ്രകാരം ഫയൽ എടുത്ത് പരിശോധിക്കാം. ഏത് സമയത്ത് ഫയൽ വന്നു, അതിൽ എന്തൊക്കെയാണുള്ളത്, എന്നതടക്കം ആർക്കും പരിശോധിക്കാം. കോടതിയുടെ അന്തിമ വിധിക്ക് വിധേയമായായിരിക്കും ഹെഡ് നഴ്സിനെ എവിടെ നിയമിക്കണം എന്നുള്ളതിൽ തീരുമാനമെടുക്കുക. ഈ വിഷയവുമായി ബന്ധപ്പെട്ട ഫയലാണ് തനിക്ക് വന്നതെന്നും മന്ത്രി പറഞ്ഞു.

കോടതി വിധിക്കെതിരെ അപ്പീൽ അല്ല പോയിരിക്കുന്നത്. ചില കാര്യങ്ങൾ കൂടി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് റിവ്യൂപെറ്റീഷൻ നൽകിയത്. കോടതിയുടെ അന്തിമവിധിക്ക് വിധേയമായി നടപടികൾ സ്വീകരിക്കും. സർക്കാരിലേക്ക് ഇന്ന് വന്ന ഫയൽ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ളതാണ്. ഡയറക്ടറുടെ ശുപാർശ സഹിതം ആണ് ഫയൽ വന്നിട്ടുള്ളത്. അനിതയ്ക്ക് നിയമനം നൽകില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും അന്തിമ കോടതി വിധിക്ക് വിധേയമായി നിയമനം നൽകുമെന്ന തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

സംരക്ഷിക്കേണ്ടത് അതിജീവിതയുടെ താല്പര്യങ്ങളാണ്. സർക്കാരിന്റെ ഔദ്യോഗിക നടപടിക്രമങ്ങളാണ് ഇവിടെ നടന്നത്. മാധ്യമങ്ങൾ പല വ്യാഖ്യാനങ്ങൾ നടത്തുകയാണ്. നേരത്തെയുള്ള കോടതി ഉത്തരവ് കൃത്യമായി മനസ്സിലാക്കണം. ഔദ്യോഗിക നടപടികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കാര്യങ്ങൾ തീരുമാനിച്ചിട്ടുള്ളത്. ഡിഎംഇയാണ് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തത്.

അഞ്ചു പേരെ സസ്പെൻഡ് ചെയ്തത് ചരിത്രത്തിൽ ഇതുവരെ ഒരിക്കലും ഉണ്ടാകാത്ത നടപടിയാണ്. ഇന്നലെ ഫയൽ വന്നിരുന്നോ എന്നുള്ളത് പരിശോധിച്ച ശേഷമേ പറയാൻ കഴിയൂ. അന്വേഷണ റിപ്പോർട്ട് ഡയല്യൂട്ടഡ് ആകാൻ പാടില്ല. അന്വേഷണം നടത്തിയത് അതിജീവിതയുടെ ആവശ്യപ്രകാര‌മാണ്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാണ് സർക്കാർ നിലകൊള്ളുന്നത്. അന്വേഷണ റിപ്പോർട്ടിൻമേലുള്ള നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകണം. ചീഫ് നഴ്സിംഗ് ഓഫീസർക്കെതിരെയും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. സാങ്കേതികമായി ചില കാരണങ്ങൾ ഉള്ളതുകൊണ്ടാണ് ഡിഎംഇ അത് ഫയൽ ചെയ്തത്. അന്തിമ കോടതിവിധിക്ക് അനുസൃതമായി നടപടികൾ സ്വീകരിക്കും അതിൽ യാതൊരു തർക്കവുമില്ല. അതിജീവിതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും ആരോ​ഗ്യമന്ത്രി വീണാ ജോ‍ർജ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com