എസ്ഡിപിഐ പിന്തുണ: മൃദു നിലപാടില്‍ യുഡിഎഫ് നേതൃത്വം, പ്രതികരണങ്ങളില്‍ ജാഗ്രത

എസ്ഡിപിഐയെ പ്രകോപിപ്പിക്കുന്ന വിധത്തിലുളള പ്രതികരണങ്ങള്‍ ഒഴിവാക്കാനും യുഡിഎഫ് നേതൃത്വം ജാഗ്രത പുലര്‍ത്തുന്നുണ്ട്
എസ്ഡിപിഐ പിന്തുണ: മൃദു നിലപാടില്‍ യുഡിഎഫ് നേതൃത്വം, പ്രതികരണങ്ങളില്‍ ജാഗ്രത

തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് നേതൃത്വം പറയുമ്പോഴും വിഷയത്തില്‍ മൃദു നിലപാട് സ്വീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. എസ്ഡിപിഐയെ പ്രകോപിപ്പിക്കുന്ന വിധത്തിലുളള പ്രതികരണങ്ങള്‍ ഒഴിവാക്കാനും യുഡിഎഫ് നേതൃത്വം ജാഗ്രത പുലര്‍ത്തുന്നുണ്ട്. തള്ളിപ്പറഞ്ഞുവെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രഖ്യാപിച്ച പിന്തുണ എസ്ഡിപിഐ പിന്‍വലിച്ചേക്കില്ലെന്നാണ് സൂചന.

എസ്ഡിപിഐയുടെ പരസ്യ പിന്തുണാ പ്രഖ്യാപനത്തില്‍ വെട്ടിലായതോടെയാണ് യുഡിഎഫ് നേതൃത്വം പിന്തുണ വേണ്ടെന്ന് പരസ്യമായിപ്പറഞ്ഞത്. അങ്ങനെ നിലപാട് സ്വീകരിച്ചെങ്കിലും എസ്ഡിപിഐ വോട്ടുകള്‍ തങ്ങള്‍ക്ക് തന്നെ അനുകൂലമാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. അതിനാല്‍ കൂടുതല്‍ പ്രകോപന പ്രതികരണങ്ങളിലൂടെ എസ്ഡിപിഐയെ ചൊടിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറാകില്ല. അക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.

അപ്പോഴും വര്‍ഗീയ കക്ഷിയെന്ന യുഡിഎഫ് പരാമര്‍ശത്തില്‍ എസ്ഡിപിഐക്ക് അമര്‍ഷമുണ്ട്. കൂടിയാലോചനയ്ക്ക് ശേഷം എസ്ഡിപിഐ നേതൃത്വം അതിനു മറുപടി പറയുകയും ചെയ്യും. രാഷ്ട്രീയ സാഹചര്യം വിശദമായി പരിശോധിച്ച ശേഷം പ്രഖ്യാപിച്ച പിന്തുണയായതിനാല്‍ ആ തീരുമാനം പിന്‍വലിക്കേണ്ടതില്ലെന്നാണ് എസ്ഡിപിഐയുടെ വിലയിരുത്തല്‍. യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകള്‍ക്ക് അതൃപ്തിയുണ്ട്. എസ്ഡിപിഐയുടെ പിന്തുണയും യുഡിഎഫ് അത് നിരസിക്കാന്‍ എടുത്ത കാലതാമസവും ഇടതുമുന്നണിയും ആയുധമാക്കിയിരിക്കുകയാണ്.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തി. വ്യക്തത വരുത്താതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വളരെ ആസൂത്രിതമായി നടന്ന നീക്കമായിരുന്നു എസ്ഡിപിഐ-യുഡിഎഫ് ബന്ധം. കോണ്‍ഗ്രസ് പരാജയത്തിന്റെ അളവ് കുറയ്ക്കാനാണ് തീവ്രവാദ ശക്തികളുമായി ചേരുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് ഒന്നാമത്തെ ശ്വാസത്തില്‍ പറയുന്നു. രണ്ടാമത്തെ ശ്വാസത്തില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്നും പറയുന്നുവെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. എന്തായാലും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വരും ദിവസങ്ങളിലും വിഷയം സജീവ ചര്‍ച്ചയാകുമെന്ന് വ്യക്തമാണ്.

എസ്ഡിപിഐ പിന്തുണ: മൃദു നിലപാടില്‍ യുഡിഎഫ് നേതൃത്വം, പ്രതികരണങ്ങളില്‍ ജാഗ്രത
കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com