ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജൻസി, ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല: തോമസ് ഐസക്ക്

എന്താണ് ഇഡിയുടെ വിശദീകരണമെന്ന് തനിക്ക് കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു
ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജൻസി, ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല: തോമസ് ഐസക്ക്

കോട്ടയം: ഇഡിയ്ക്ക് ഒരിഞ്ച് വഴങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക്. എന്തുകൊണ്ട് തന്നെ വിളിപ്പിക്കണം എന്ന് കോടതി ഇ ഡിയോട് ചോദിച്ചു. അടുത്ത സിറ്റിങ്ങിൽ തെളിവ് ഹാജരാക്കാം എന്ന് ഇഡി പറയുന്നു. വ്യവസായ എസ്റ്റേറ്റിന് ഭൂമി എടുത്ത കാര്യമായിരിക്കും ഇഡി പറയുന്നത്. എന്താണ് ഇഡിയുടെ വിശദീകരണമെന്ന് തനിക്ക് കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇഡി യുടെ ആവശ്യം പരിഗണിച്ച് കൂടേ എന്ന് കോടതി തന്നോട് ചോദിച്ചു.

ചെയ്യാൻ കഴിയില്ല, കോടതി മെറിറ്റിൽ തീരുമാനിക്കണമെന്ന് താൻ ആവശ്യപ്പെട്ടു. 'ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജൻസി മാത്രമാണ്. ആളുകളെ ഭീഷണിപ്പെടുത്തുക, പണം ബിജെപിക്ക് വാങ്ങിക്കൊടുക്കുക എന്നത് മാത്രമാണ് ഇഡി ചെയ്യുന്നത്. ആളുകളെ ഭിഷണിപ്പെടുത്തുക കൂറ് മാറ്റിക്കുക എന്നതും ഇഡി ചെയ്യുന്നുണ്ട്. അതൊന്നും ഈ കേരളത്തിൽ നടക്കില്ല. തെളിവുമായി ഇഡി വരട്ടേ. ചൊവ്വാഴ്ച നോക്കാം, എൻ്റെ നിലപാട് വ്യക്തമാണ്. ഇഡിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല', തോമസ് ഐസക്ക് കൂട്ടിച്ചേർത്തു. ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ അതിൻ്റെ പേരിൽ കേസ് ചാർജ്ജ് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതിൽ പ്രഥമദൃഷ്ട്യാ എങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്തണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിർദേശ നൽകിയിരുന്നു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി നിരന്തരം സമൻസ് അയയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രികൂടിയായ തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയും പരിഗണിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് ടി ആര്‍ രവിയുടെ നിര്‍ദേശം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com