മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകം; പെൺസുഹൃത്തിനെ കാണാനെത്തിയ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

അറസ്റ്റിലായ പത്തുപേരും കുറ്റം സമ്മതിച്ചെന്ന് പൊലീസ്
മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകം; പെൺസുഹൃത്തിനെ കാണാനെത്തിയ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

കൊച്ചി: മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകം. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. പെൺ സുഹൃത്തിനെ കാണാൻ എത്തിയത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. മരണകാരണം നെഞ്ചിലും തലയ്ക്കുമേറ്റ മർദ്ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പത്തുപേരും കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി 11.30ഓടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം അശോക് ദാസിനെ കെട്ടിയിട്ട് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ സിപിഐ മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദേഹത്ത് രക്തകറയുമായി വന്ന അന്യസംസ്ഥാന തൊഴിലാളിയെ കണ്ട് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് പോലീസിനെ വിളിച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടിച്ചുനിര്‍ത്തി കെട്ടിയിടുകയായിരുന്നു.

എന്നാല്‍ പിന്നീട് ഇയാള്‍ മര്‍ദ്ദനത്തിനിരയായെന്നും പറയപ്പെടുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി അന്യസംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാളകത്തെ ഹോട്ടലില്‍ ജോലി ചെയ്തു വരുകയായിരുന്നു മരിച്ച അശോക് ദാസ്. നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com