മലയാളികൾക്ക് 'ഫിറ്റാ'കാന്‍ ഇഷ്ടം വില കുറഞ്ഞ മദ്യം

96 ശതമാനവും വിറ്റഴിക്കുന്നത് വിലകുറഞ്ഞ മദ്യം
മലയാളികൾക്ക് 'ഫിറ്റാ'കാന്‍ ഇഷ്ടം വില കുറഞ്ഞ മദ്യം

കൊച്ചി: കേരളത്തിലെ മദ്യപന്മാര്‍ക്ക് പ്രീയം വില കുറഞ്ഞ മദ്യത്തിനോട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 1000 രൂപക്ക് മുകളിലുള്ള പ്രീമിയം ബ്രാന്‍ഡ് മദ്യത്തേക്കാള്‍ കേരളത്തില്‍ വിറ്റഴിക്കുന്നത് വില കുറഞ്ഞ മദ്യമാണെന്ന് ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ISWAI) റിപ്പോര്‍ട്ട് പറയുന്നു. കുറഞ്ഞ വിലക്ക് പെട്ടെന്ന് ലഹരി തലയ്ക്ക് പിടിക്കുന്നു എന്നതാണ് ഇത്തരം മദ്യങ്ങളോട് പ്രിയമേറാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്. കേരളത്തില്‍ ഉപയോഗിക്കുന്ന പ്രീമിയം മദ്യത്തിന്റെ (750 മില്ലിക്ക് 1,000 രൂപയില്‍ കൂടുതല്‍ വിലയുള്ള) വിഹിതം നാല് ശതമാനം മാത്രമാണ്. വിലകുറഞ്ഞ മദ്യത്തിന്റെ വിഹിതം 96 ശതമാനത്തിന് മുകളിലാണ്.

അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രീമിയം മദ്യം ഉപയോഗിക്കുന്ന പ്രവണത യഥാക്രമം ആറ്, 10 ശതമാനം എന്നിങ്ങനെയാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് 12 ശതമാനമാണ്. പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ അനുപാതം യഥാക്രമം 20.5, 22 ശതമാനം എന്നിങ്ങനെയാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മൊത്തം മദ്യവില്‍പ്പനയില്‍ പ്രീമിയം മദ്യത്തിന്റെ 52 ശതമാനവുമായി തെലങ്കാനയാണ് മുന്നില്‍. സമ്പന്നമായിരുന്നിട്ടും ഇക്കാരണത്താല്‍ കേരളത്തിലെ ബിവറേജസ് വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിത കപൂര്‍ പറഞ്ഞു.

സംസ്ഥാനത്ത് വില്‍ക്കുന്ന മദ്യത്തില്‍ 96 ശതമാനവും ബിയര്‍, ബ്രാണ്ടി, റം എന്നിവയാണെന്നും നിത അഭിപ്രായപ്പെട്ടു. ആഡംബര കാറുകളോടും വലിയ സ്‌ക്രീന്‍ ടെലിവിഷനുകള്‍ പോലുള്ള മറ്റ് ഇനങ്ങളോടുമുള്ള സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് ഈ സ്വഭാവം തികച്ചും വിപരീതമാണ്. ഉയര്‍ന്ന നികുതി, റീട്ടെയില്‍ ഔട്ട്ലെറ്റുകളിലേക്കുള്ള പരിമിതമായ പ്രവേശനം, നിലവാരമില്ലാത്ത റീട്ടെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ മോശമായ ഉപഭോക്തൃ പ്രവണതയ്ക്ക് കാരണമായി നിത കപൂര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും കുറഞ്ഞ ചില്ലറ മദ്യവില്‍പ്പനശാലകളുടെ അനുപാതം കേരളത്തിലാണെന്നും അവര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com