എസ്ഡിപിഐയുമായി ധാരണയില്ലെന്ന് വി ഡി സതീശന്‍; യുഡിഎഫിന് വോട്ട് ചോരുമോ എന്ന് ആശങ്ക?

നിര്‍ണായക സാഹചര്യത്തില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വെക്കാന്‍ യുഡിഎഫ് തയ്യാറാകില്ലെന്നാണ് സൂചന
എസ്ഡിപിഐയുമായി ധാരണയില്ലെന്ന് വി ഡി സതീശന്‍; യുഡിഎഫിന് വോട്ട് ചോരുമോ എന്ന് ആശങ്ക?

കൊച്ചി: യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ തീരുമാനത്തില്‍ വ്യക്തമായ മറുപടി നല്‍കാനാകാതെ യുഡിഎഫ് നേതൃത്വം. എസ്ഡിപിഐയുമായി ഒരു ധാരണയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എസ്ഡിപിഐയുമായി ഒരു സംസാരവുമുണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

എന്നാല്‍ നിര്‍ണായക സാഹചര്യത്തില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വെക്കാന്‍ യുഡിഎഫ് തയ്യാറാകില്ലെന്നാണ് സൂചന. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക. പിന്തുണ വേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചാലും വോട്ട് ചെയ്യുമെന്ന നിലപാടിലാണ് എസ്ഡിപിഐ. പക്ഷെ യുഡിഎഫ് ആവശ്യപ്പെടാതെ പരസ്യ പ്രചാരണത്തിന് ഇറങ്ങില്ല. അതേസമയം എസ്ഡിപിഐ പിന്തുണ സ്വീകരിച്ചാല്‍ മറ്റു വിഭാഗങ്ങളുടെ വോട്ടുകള്‍ ചോര്‍ന്നു പോകുമോ എന്ന ആശങ്കയും യുഡിഎഫിനുണ്ട്.

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നായിരുന്നു എസ്ഡിപിഐ പ്രഖ്യാപനം. പിന്തുണ നിരുപാധികമാണെന്നും യുഡിഎഫ് ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് അലി പറഞ്ഞിരുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് എസ്ഡിപിഐ നീക്കം. മതേതര ചേരിക്കൊപ്പം നില്‍ക്കുന്നതിന്റെ ഭാഗമായാണ് യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് അഷറഫ് മൗലവി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com