ആശങ്കവേണ്ട; ഒന്നാം തീയതി തന്നെ ശമ്പളം നൽകും: കെ എൻ ബാല​ഗോപാൽ

കെഎസ്ആർടിസിക്കും കെടിഡിസിക്കും 420 കോടി ഇന്ന് തന്നെ നൽകിയിട്ടുണ്ട്
ആശങ്കവേണ്ട; ഒന്നാം തീയതി തന്നെ ശമ്പളം നൽകും: കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം: ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഒന്നാം തീയതി തന്നെ ശമ്പളം നൽകും. സാധാരണ നിലയിൽ നിന്നും വ്യത്യാസം വരാതെ മുന്നോട്ട് പോകും. ക്ഷേമ പെൻഷന് കൃത്യമായി നൽകാൻ ഓർഡർ ഇറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള വിഹിതത്തിൽ പരിഹാരമായിട്ടില്ല. കേരളത്തിലെ എം പി മാർ ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെ കോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ വീണ്ടും വിഹിതം വെട്ടിക്കുറച്ചതായും ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കിട്ടാനുള്ള തുക തടഞ്ഞു വെച്ചിരിക്കുകയാണെന്നും ബാലഗോപാൽ ചൂണ്ടിക്കാണിച്ചു. കേന്ദ്രം അന്ന് മുതലുള്ള വിഹിതം വെട്ടികുറയ്ക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

ശമ്പളം വൈകുമെന്ന് വാർത്ത വന്നപ്പോൾ പ്രതിപക്ഷം ആഘോഷിച്ചു. ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് വിമർശിക്കാൻ പ്രത്യേക യോഗം കൂടി. ഭരണപരമായി നമ്മുടെ സംസ്ഥാനത്തെ ട്രഷറിയുടെ പ്രവർത്തനവും ജീവനക്കാരുടെ ശമ്പള വിതരണവും കൃത്യമായി നടന്നു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

25-ാം തീയതി വരെ ബില്ല് സമർപ്പിക്കാൻ തീയതി നൽകിയിരുന്നു. 27 വരെയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് സമയം നൽകിയത്. തകരാർ ഉണ്ടെങ്കിൽ അടുത്ത വർഷത്തേക്ക് ക്യാരി ഓവർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം വലിയ ബുദ്ധിമുട്ടാണ് നേരിട്ടതെന്നും മന്ത്രി പ്രതികരിച്ചു. പരിമിതികൾക്കുള്ളിലും ഓരോ മേഖലയിലെയും ജീവനക്കാർക്ക് ശമ്പളം നൽകുന്നുണ്ട്. 30,000 കോടിയോളം വരുമാന വർദ്ധനവുണ്ടാക്കിയാണ് സർക്കാർ പ്രവർത്തനം തുടരുന്നത്. കെഎസ്ആർടിസിക്കും കെടിടിസിക്കും 420 കോടി ഇന്ന് തന്നെ നൽകിയിട്ടുണ്ട്. എല്ലാ പണവും നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 2021 മാർച്ചിലാണ് ഏറ്റവും കൂടുതൽ തുക നൽകിയതെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com