പത്തനംതിട്ട അടൂർ കാറപകടം ; ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനുമാണ് പൊലീസ് ലോറി ഡ്രൈവർ റംസാനെതിരെ കേസ് എടുത്തിരിക്കുന്നത്
പത്തനംതിട്ട അടൂർ  കാറപകടം ;
ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

പത്തനംത്തിട്ട : പത്തനംതിട്ട അടൂർ പട്ടാഴിമുക്കിലെ കാറപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. ഹരിയാന സ്വദേശി റംസാനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 304 എ , 279 വകുപ്പുകൾ ചുമത്തിയാണ് കേസ്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് പത്തനംതിട്ട അടൂരിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്. അപകടത്തിൽ കാര്‍ യാത്രക്കാരായ ഹാഷിം (35), അനുജ (36) എന്നിവർ തൽക്ഷണം മരിച്ചു.

എന്നാൽ മരണത്തിന് പിന്നാലെ ദുരൂഹത ആരോപിച്ച് ദൃക്‌സാക്ഷികൾ രംഗത്തെത്തി. അമിതവേഗതയിലായിരുന്നു കാർ ഓടിച്ചതെന്നും വിനോദയാത്രയ്ക്ക് പോയി വരികയായിരുന്ന തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയെ ട്രാവലിൽ നിന്ന് ഹാഷിം വിളിച്ചിറക്കുകയായിരുന്നുവെന്നും ശേഷം കാറിൽ മൽപിടിത്തം നടന്നിരുന്നുവെന്നും ചില ദൃക്‌സാക്ഷികൾ ആരോപിച്ചു. കാർ തെറ്റായ ദിശയിൽ വന്ന് തന്റെ ലോറിയിൽ വന്നിടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ റംസാനും പൊലീസിന് മൊഴി നൽകിയിരുന്നു .

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനും പൊലീസ് റംസാനെതിരെ കേസ് എടുത്തിരിക്കുന്നത്. മരിച്ച ഹാഷിമിൻ്റെയും അനൂജയുടേയും സംസ്‌ക്കാരം ഇന്ന് നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com