സ്മൃതി കുടീരങ്ങളിലെ അതിക്രമം ഗൗരവത്തിൽ അന്വേഷിക്കണം; ശ്രദ്ധ തിരിക്കാൻ ശ്രമമെന്നും എം വി ഗോവിന്ദൻ

പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു
സ്മൃതി കുടീരങ്ങളിലെ അതിക്രമം ഗൗരവത്തിൽ അന്വേഷിക്കണം; ശ്രദ്ധ തിരിക്കാൻ ശ്രമമെന്നും എം വി ഗോവിന്ദൻ

കണ്ണൂർ: പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികൂടീരങ്ങള്‍ക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കണ്ണൂരിൽ വലിയ സംഘർഷമുണ്ടായപ്പോഴും ശവകുടീരത്തിന് നേരെ അക്രമണം ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിഷയം ഗൗരവത്തിൽ അന്വേഷിക്കണം. രാഷ്ട്രീയ കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. സ്മൃതി കുടീരത്തിന് നേരെ ആക്രമണം ഉണ്ടാവുമ്പോൾ പ്രത്യാഘാതം വലുതായിരിക്കും. പ്രകോപനത്തിന് വിധേയരാവരുത്,പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ് സംഘം പയ്യാമ്പലത്ത് സന്ദർശനം നടത്തി. ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, ടി ഒ മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം. സിപിഐഎം നേതാക്കളായ ചടയന്‍ ഗോവിന്ദന്‍, ഇ കെ നായനാര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് കറുത്ത പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ച് അതിക്രമം നടത്തിയത്.

ഇന്ന് 11.30 ഓടെയാണ് ഇത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരത്തില്‍ മാത്രമാണ് ദ്രാവകം ഒഴിച്ച് വികൃതമാക്കിയത്. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പി കെ ശ്രീമതി പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com