റഷ്യയിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം; എത്രയും വേഗം നാട്ടിലേക്ക് മടങ്ങാം

രേഖകൾ ലഭ്യമായാൽ പ്രിൻസിനും ഡേവിഡിനും ഉടൻ മടങ്ങാമെന്നാണ് ലഭിക്കുന്ന വിവരം
റഷ്യയിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം; 
എത്രയും വേഗം നാട്ടിലേക്ക് മടങ്ങാം

ന്യൂഡൽഹി: റഷ്യൻ യുദ്ധത്തിൽ പരിക്കേറ്റ മലയാളികൾക്ക് ആശ്വാസം. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ്, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവർക്ക് താത്കാലിക യാത്രാ രേഖ നൽകും. യാത്ര രേഖ നൽകാമെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. രേഖകൾ ലഭ്യമായാൽ പ്രിൻസിനും ഡേവിഡിനും ഉടൻ മടങ്ങാമെന്നാണ് ലഭിക്കുന്ന വിവരം.

വിദേശകാര്യ മന്ത്രി വി മുരളീധരൻ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് ഇരുവരേയും നാട്ടിലേക്ക് തിരിച്ച് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസിൽ മൂന്ന് മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. യുദ്ധഭൂമിയിൽ വച്ച് പ്രിൻസിനു മുഖത്ത് വെടിയേൽക്കുകയും ഡേവിഡിന്റെ കാൽ മൈൻ സ്ഫോടനത്തിൽ തകരുകയും ചെയ്തു.

അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ്, വിനീത്, ടിനു എന്നിവരെ സെക്യൂരിറ്റി ആര്‍മി ഹെല്‍പ്പര്‍ എന്ന തസ്‌തികയില്‍ ജോലിയുണ്ടെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് സംഘം റഷ്യയിലെത്തിച്ചുവെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഏഴ് ലക്ഷം രൂപവീതം മുടക്കിയാണ് ഇവർ റഷ്യയിലേയ്ക്കുള്ള വിസ തരപ്പെടുത്തിയത്. പലിശക്കാരിൽ നിന്നും കടം വാങ്ങിയും ലോണെടുത്തുമാണ് ഇവർക്ക് റഷ്യയ്ക്ക് പോകാനുള്ള പണം സംഘടിപ്പിച്ച് നൽകിയതെന്നാണ് വീട്ടുകാർ പറയുന്നത്.

തുമ്പ സ്വദേശി പ്രിയനാണ് ഇവരെ കൊണ്ടുപോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. 22 ദിവസത്തെ ട്രെയിനിങ് കൊടുത്തു. ട്രെയിനിങ്ങിന് ശേഷം മൂവരെയും രണ്ടു ടീമുകളിലാക്കി യുദ്ധമുഖത്തേയ്ക്ക് വിടുകയായിരുന്നുവെന്നാണ് വീട്ടുകാർ പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com