ക്രൂരമായ രാഷ്ട്രീയ പകപോക്കല്‍, പിന്നില്‍ ശ്രീനിജനും സിപിഐഎമ്മും: സാബു എം ജേക്കബ്

'കേരളത്തിലെ ജനങ്ങളെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന സിപിഐഎമ്മിന്റെ നിലപാടാണ് ഇത്' സൂചിപ്പിക്കുന്നത്'
ക്രൂരമായ രാഷ്ട്രീയ പകപോക്കല്‍, പിന്നില്‍ ശ്രീനിജനും സിപിഐഎമ്മും: സാബു എം ജേക്കബ്

കൊച്ചി: ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ച സംഭവത്തില്‍ സിപിഐഎമ്മിനും വി വി ശ്രീനിജന്‍ എംഎല്‍എക്കുമെതിരെ ആരോപണവുമായി സാബു എം ജേക്കബ്. മെഡിക്കല്‍ സ്‌റ്റോര്‍ പൂട്ടിച്ചതിന് പിന്നില്‍ സിപിഐഎമ്മും ശ്രീനിജനുമാണ്. ഇത് ക്രൂരമായ രാഷ്ട്രീയ പകപോക്കലാണെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.

'ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ് തടഞ്ഞിരിക്കുന്നത്. ഈ ഹീനമായ പ്രവര്‍ത്തികൊണ്ട് ഏറ്റവും ദുരിതമനുഭവിക്കുന്നത് ഇവിടുത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളാണെന്ന കാര്യം ആരും മറക്കരുത്. രാജ്യത്തിനുതന്നെ മാതൃകയായി കിഴക്കമ്പലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും അതിനോടനുബന്ധിച്ചു പ്രവര്‍ത്തനമാരംഭിച്ച മെഡിക്കല്‍ സ്റ്റോറും പൂട്ടണമെന്നായിരുന്നു സിപിഐഎമ്മുകാര്‍ നല്‍കിയ പരാതി. കേരളത്തിലെ ജനങ്ങളെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന സിപിഐഎമ്മിന്റെ നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്.

യുദ്ധഭൂമിയില്‍പോലും മരുന്നുകളുടെ വിതരണം ആരും മുടക്കാറില്ല. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങളാണ് മരുന്നും ഭക്ഷണവും. അവ പോലും തടഞ്ഞ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന ഇത്തരം ക്രൂരതയ്ക്ക് ജനങ്ങള്‍തന്നെ മറുപടി നല്‍കട്ടെ', വാര്‍ത്താക്കുറിപ്പില്‍ സാബു എം ജേക്കബ് പ്രതികരിച്ചു.

കിഴക്കമ്പലത്തെ ട്വന്റി20യുടെ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമായിരുന്നു ജില്ലാ കളക്ടര്‍ ഇടപെട്ട് തടഞ്ഞത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമായിരുന്നു മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം. ഇതിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഈ മാസം 21ാം തീയതിയായിരുന്നു മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം. സാബു എം ജേക്കബാണ് കിഴക്കമ്പലം ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള മെഡിക്കല്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്. കിഴക്കമ്പലം സ്വദേശികളായ രണ്ട് പേരാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനത്തിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്നായിരുന്നു റിട്ടേണിങ് ഓഫീസര്‍ കൂടിയായ കളക്ടറുടെ നടപടി.

മെഡിക്കല്‍ സ്റ്റോറിലൂടെ മരുന്നുകള്‍ 80 ശതമാനം വിലക്കുറവില്‍ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഭക്ഷ്യസുരക്ഷാ മര്‍ക്കറ്റിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ ട്വന്റി 20 ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴില്‍ കിറ്റക്‌സ് കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനമെന്ന് കണ്ടെത്തി. ട്വന്റി 20യുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറുകള്‍പ്പെട്ട ഭക്ഷ്യസുരാ മാര്‍ക്കറ്റിന്റേതെന്നും വ്യക്തമായിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാന്‍ നടപടിയുണ്ടായത്.

ക്രൂരമായ രാഷ്ട്രീയ പകപോക്കല്‍, പിന്നില്‍ ശ്രീനിജനും സിപിഐഎമ്മും: സാബു എം ജേക്കബ്
ഉദ്ഘാടനം പെരുമാറ്റച്ചട്ടം വന്നശേഷം,80% വിലക്കുറവ്; ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com