ടൂറിസവും വികസനവും ചര്‍ച്ച; പ്രചാരണ രംഗത്ത് സജീവമായി ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ജില്ലയില്‍ ബിഡിജെഎസ്സിനുള്ള വോട്ട് വിഹിതവും, ഈഴവ സമുദായത്തിലുള്ള സ്വാധീനവുമാണ് സംഗീത വിശ്വനാഥന് കരുത്താവുന്നത്.
ടൂറിസവും  വികസനവും ചര്‍ച്ച; 
പ്രചാരണ രംഗത്ത് സജീവമായി ഇടുക്കിയിലെ
എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ഇടുക്കി: ഇടത് വലത് മുന്നണികള്‍ക്കൊപ്പം പ്രചാരണ രംഗത്ത് സജീവമായി എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍. ഇടുക്കിയിലെ വികസനം ചര്‍ച്ചയാക്കിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം. പ്രചാരണ രംഗത്ത് ഏറ്റവും ഒടുവിലാണ് സംഗീത വിശ്വനാഥന്‍ എത്തിയതെങ്കിലും പ്രവര്‍ത്തകരെ ഇറക്കി റോഡ് ഷോയടക്കം നടത്തി കളം നിറഞ്ഞാണ് എന്‍ ഡിഎയുടെയും പ്രചാരണം.

ഇടുക്കി നിയോജക മണ്ഡലത്തിൽ ഏറ്റവും ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജാണ് പ്രചാരണ രംഗത്ത് സജീവമായത്. തൊട്ട് പിന്നാലെ സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ. ഡീന്‍ കുര്യാക്കോസും കളം നിറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജ് മൂന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജ് രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ച് മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്ന സാഹചര്യത്തിലാണ് ബിഡിജെ എസ് പ്രതിനിധിയായ സംഗീത വിശ്വനാഥന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത്. പ്രഖ്യാപനവും പ്രചാരണവും അല്‍പ്പം വൈകിയെങ്കിലും ഇടത് വലത് മുന്നണികള്‍ക്കൊപ്പം തന്നെ പ്രചാരണ രംഗത്ത് സംഗീതയും സജീവമായി. സ്ഥാനാർത്ഥിയുടെ മുഖ്യ ചര്‍ച്ച ഇടുക്കിയുടെ ടൂറിസവും മറ്റ് വികസനവുമാണ്.

ജോയിസ് ജോര്‍ജ്ജും, ഡീന്‍ കുര്യാക്കോസും തുടര്‍ച്ചയായ മൂന്നാം തവണയും മത്സര രംഗത്ത് എത്തുമ്പോള്‍ 2021ല്‍ ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധിതേടിയ സംഗീതയെ ഇടുക്കിക്കാര്‍ക്ക് പരിചിതമാണെന്നത് എന്‍ഡിഎ അനുകൂലഘടകമായി കാണുന്നു. ജില്ലയില്‍ ബിഡിജെഎസ്സിനുള്ള വോട്ട് വിഹിതവും, ഈഴവ സമുദായത്തിലുള്ള സ്വാധീനവുമാണ് സംഗീത വിശ്വനാഥന് കരുത്താവുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com