ആ സ്ത്രീയോട് വൈരാഗ്യം തോന്നിയില്ല; അവർ പറഞ്ഞതിൽ അൽപം സത്യമുണ്ട്: സത്യഭാമയുടെ പരാമർശത്തിൽ പിസി ജോർജ്‌

എന്നാൽ നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ കഴിവുകളെ വിലയിരുത്തുന്നത് ശുദ്ധ അബദ്ധമാണെന്നും പി സി ജോർജ്‌ പറഞ്ഞു
ആ സ്ത്രീയോട് വൈരാഗ്യം തോന്നിയില്ല; അവർ പറഞ്ഞതിൽ അൽപം സത്യമുണ്ട്: സത്യഭാമയുടെ പരാമർശത്തിൽ പിസി ജോർജ്‌

കോട്ടയം: ആർഎൽവി രാമകൃഷ്ണനെതിരായ സത്യഭാമയുടെ ജാതീയ അധിക്ഷേപ പരാമർശത്തിൽ അൽപം സത്യമുണ്ടെന്ന് ബിജെപി നേതാവ് പി സി ജോർജ്‌. തനിക്ക് ഡാൻസ് എന്താണെന്ന് പോലും അറിയില്ല. ആ സ്ത്രീയോട് വൈരാഗ്യം തോന്നിയില്ലെന്നും അവർ പറഞ്ഞതിനകത്ത് അൽപം സത്യമുണ്ടെന്നുമായിരുന്നു പിസി ജോർജിന്റെ പ്രതികരണം. എന്നാൽ നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ കഴിവുകളെ വിലയിരുത്തുന്നത് ശുദ്ധ അബദ്ധമാണെന്നും ഡാൻസ് സ്ത്രീകളുടെ മാത്രം കുത്തകയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വലിയ അബദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

അതേസമയം, കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിൽ മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും രാത്രികാലങ്ങളിൽ ഇതുവഴി യാത്ര ചെയ്യാനാവില്ലെന്നുമുള്ള പിസി ജോർജിന്റെ പ്രസ്താവന വിവാദമായി. മഹത്തായ സാംസ്കാരിക പൈതൃകമുള്ള മയ്യഴിയെ ജോർജ് വികലമായി ചിത്രീകരിച്ച് മയ്യഴി ജനതയെ മ്ലേച്ഛമായ ഭാഷയിൽ അപമാനിക്കുകയായിരുന്നുവെന്ന് രമേശ് പറമ്പത്ത് എംഎൽഎ ആരോപിച്ചു. നാവിൽ വരുന്നതെന്തും പുലമ്പുന്ന പി സി ജോർജ് മയ്യഴിയിലെ സ്ത്രീ സമൂഹമടക്കമുള്ള ജനങ്ങളെയാകെ അപമാനിച്ചിരിക്കയാണെന്നും രമേശ് പറമ്പത്ത് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മയ്യഴി വേശ്യകളുടെ കേന്ദ്രമാണെന്നും രാത്രികാലങ്ങളിൽ ഇതുവഴി യാത്ര ചെയ്യാനാവില്ലെന്നും പറഞ്ഞ പി സി ജോർജ് ഗുണ്ടകളും റൗഡികളും, തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണിതെന്നും ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com