അനന്തുവിന്‍റെ മരണം; അദാനി ഗ്രൂപ്പിനെതിരെ സമരം ശക്തമാക്കി കോൺഗ്രസ്

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ തീരദേശ വോട്ട് ഉറപ്പിക്കൽ കൂടിയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
അനന്തുവിന്‍റെ മരണം; അദാനി ഗ്രൂപ്പിനെതിരെ  സമരം ശക്തമാക്കി കോൺഗ്രസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചു വീണ് ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ മരണത്തിൽ അദാനി ഗ്രൂപ്പിനെതിരെ സമരം ശക്തമാക്കി കോൺഗ്രസ്. നഷ്ടപരിഹാര തുക നൽകുന്നതിൽ അന്തിമ തീരുമാനം വരുന്നതുവരെ പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ തീരദേശ വോട്ട് ഉറപ്പിക്കൽ കൂടിയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകണമെന്നാണ് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാതെയാണ് കഴിഞ്ഞ ദിവസത്തെ യോഗം അലസിപ്പിരിഞ്ഞത്. യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോയതിന് പിന്നാലെ തന്നെ തുടർസമരങ്ങൾ നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. ആദ്യഘട്ടമായി നാളെ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം പോർട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. 'വികസനം വരണം മനുഷ്യക്കുരുതി നടക്കില്ല' എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പ്രതിഷേധങ്ങൾക്ക് തെരഞ്ഞെടുപ്പ് കാലത്തും പ്രസക്തി ഏറെയാണ്.

എല്ലാകാലത്തും ശശി തരൂരിനൊപ്പം നിന്ന തീരദേശ വോട്ടുകളിൽ വിള്ളൽ ഉണ്ടാകും എന്നാണ് ഇത്തവണത്തെ കോൺഗ്രസ് കണക്കുകൂട്ടൽ. വിഴിഞ്ഞം സമരകാലത്തെ തരൂരിന്റെ നിലപാടും ഹമാസ് വിരുദ്ധ പരാമർശവും തീരദേശത്തെ സ്വാധീനിച്ചിട്ടുണ്ട്. 2019 ലും 2014 ലും തരൂരിനെ തുണച്ച തീരദേശ വോട്ടുകൾ ഇക്കുറി എതിരായാൽ അത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകും. ബിജെപി എൽഡിഎഫ് സ്ഥാനാർത്ഥികൾ കൂടുതലായി ശ്രദ്ധ ചെലുത്തുന്നതും തീരദേശ മേഖലയിൽ തന്നെ. ഈയൊരു സാഹചര്യത്തിലാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായ നാട്ടുകാരുടെ നിലവിലെ വികാരത്തെ അനുകൂലമാക്കാനുള്ള കോൺഗ്രസ് ശ്രമം. ഏറെനാളായി പ്രദേശവാസികൾ ഉയർത്തുന്ന പൊതുവിഷയം തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാക്കിയാൽ ഒരു പരിധിവരെ എതിർപ്പുകളെ മറികടക്കാൻ കഴിയും എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com