നിറത്തിന്റെ പേരില്‍ മനുഷ്യരെ അധിക്ഷേപിക്കുന്നത് അശ്ലീലം, പിന്നില്‍ വംശീയ മനോഭാവം: എം ബി രാജേഷ്

നിറത്തിന്റെ പേരില്‍ മനുഷ്യരെ അധിക്ഷേപിക്കുന്നത് അശ്ലീലം, പിന്നില്‍ വംശീയ മനോഭാവം: എം ബി രാജേഷ്

നര്‍ത്തകി സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി എം ബി രാജേഷ്. നിറത്തിന്റെ പേരില്‍ മനുഷ്യരെ ഇകഴ്ത്തുന്നതും അധിക്ഷേപിക്കുന്നതും ഇക്കാലത്തെ ഏറ്റവും വലിയ അശ്ലീലങ്ങളിലൊന്നാണെന്ന് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ആ അശ്ലീലത്തിന്റെ പിന്നിലുള്ളത് വംശീയ മനോഭാവമാണെന്നും ഈ മനുഷ്യത്വ വിരുദ്ധതക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയരണമെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു. നര്‍ത്തകി സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. 'മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും' എന്നാണ് സത്യഭാമ പറഞ്ഞത്.

എം ബി രാജേഷിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം-

നിറത്തിന്റെ പേരില്‍ മനുഷ്യരെ ഇകഴ്ത്തുന്നതും അധിക്ഷേപിക്കുന്നതും ഇക്കാലത്തെ ഏറ്റവും വലിയ അശ്ലീലങ്ങളിലൊന്നാണ്.

ആ അശ്ലീലത്തിന്റെ പിന്നിലുള്ളത്

വംശീയമായ മനോഭാവമാണ് .

മനംപിരട്ടലുളവാക്കുന്ന വംശീയതയുടെ വെളിപ്പെടലാണ് കലാമണ്ഡലത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരാളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത് .

മഹാകവി വള്ളത്തോള്‍ സ്ഥാപിച്ച കലാമണ്ഡലത്തിനു തന്നെ അതപമാനമാണ് എന്നതു കൊണ്ട് ആ സ്ഥാപനം അത് തള്ളിപ്പറഞ്ഞു കഴിഞ്ഞു. അത് എത്രയും ഉചിതമായി.

കേരള സമൂഹത്തില്‍ ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെ ഉണ്ടാവുന്ന വലതു പക്ഷ അധിനിവേശത്തിന്റെ പ്രകടനം കൂടിയാണ് ഇത്തരം പരാമര്‍ശങ്ങള്‍ .

നിറം , ശാരീരികമായ പ്രത്യേകതകള്‍ , ചെയ്യുന്ന തൊഴില്‍ ,ജാതി, മതം, ലിംഗപദവി എന്നിവയുടെയെല്ലാം പേരില്‍ മനുഷ്യരെ അധിക്ഷേപിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണ് .

അതിനെതിരായി അതിശക്തമായ പ്രതിഷേധമുയരണം .

അധിക്ഷേപത്തിനിരയായ ആര്‍.എല്‍.വി രാമകൃഷ്ണന് എന്റെ ഐക്യദാര്‍ഢ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com