കാലിക്കറ്റില്‍ ഗവർണർക്ക് തിരിച്ചടി, കാലടിയില്‍ വി സിയെ പുറത്താക്കിയ നടപടിക്ക് സ്റ്റേയില്ല

കലിക്കറ്റ് വിസി സ്ഥാനത്ത് ഡോ. എം കെ ജയരാജിന് തുടരാം, ഡോ. എം കെ നാരായണന് കാലടി വി സിയായി തുടരാനാവില്ല
കാലിക്കറ്റില്‍ ഗവർണർക്ക് തിരിച്ചടി, കാലടിയില്‍ വി സിയെ പുറത്താക്കിയ നടപടിക്ക് സ്റ്റേയില്ല

കൊച്ചി: വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഗവർണറുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സിക്ക് ആശ്വാസം. കലിക്കറ്റ് വിസി സ്ഥാനത്ത് ഡോ. എം കെ ജയരാജിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ കാലടി വൈസ് ചാന്‍സലറുടെ സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി. ഡോ. എം കെ നാരായണന് വിസിയായി തുടരാനാവില്ലെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

നേരത്തെ കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാല വിസിമാരെ ഗവർണർ പുറത്താക്കി ഗവർണർ ഉത്തരവിട്ടിരുന്നു. ഇരുവരുടെയും നിയമനത്തിൽ അപാകത ഉണ്ടെന്നായിരുന്നു ഗവർണറുടെ കണ്ടെത്തൽ. ഹൈക്കോടതി നിർദേശം അനുസരിച്ച് 10 ദിവസം തീരുമാനത്തിൽ അടിയന്തിര നടപടി ഉണ്ടാകില്ലെന്നും ഇതിനിടെ വിസിമാർക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കലിക്കറ്റ്‌ വിസി ഡോ. എം കെ ജയരാജ്, സംസ്‌കൃത സർവ്വകലാശാല വിസി ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്. ഡിജിറ്റൽ, ഓപ്പൺ സർവ്വകലാശാല വിസിമാരുടെ കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. ഇരുവരുടെയും കാര്യത്തിൽ യുജിസിയോട് ഗവർണർ അഭിപ്രായം ആരാഞ്ഞിരുന്നു. നേരത്തെ വിസിമാരുമായി നടത്തിയ ഹിയറിങിനു ശേഷമായിരുന്നു ഗവർണറുടെ നടപടി. ഓപ്പൺ സർവകലാശാല വിസി നേരത്തെ രാജിക്കത്ത് നൽകിയിരുന്നെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല.

നേരത്തെ കാലിക്കറ്റ്, സംസ്കൃത, ഓപ്പൺ, ഡിജിറ്റൽ സർവകശാല വിസിമാരുടെ ഹിയറിങ്ങ് കോടതി നിർദ്ദേശപ്രകാരം ഗവർണർ നടത്തിയിരുന്നു. വി സി നിയമനത്തിൽ മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഗവർണറുടെ നടപടി. വിസിയെ നിയമിക്കാനായി പാനലിനു പകരം ഒരാളുടെ പേര് മാത്രം സമർപ്പിച്ചതും വി സിമാരെ നിയമിക്കാനുള്ള സേർച്ച്‌ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് വി സിമാരെ അയോഗ്യരാക്കാനുള്ള നീക്കം ഗവർണർ ആരംഭിച്ചത്

ഹിയറിങ്ങിന് ശേഷവും നാലു വിസിമാരും അയോഗ്യരാണെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്. ചട്ടങ്ങൾ വളച്ചൊടിച്ച് നിയമിക്കപ്പെട്ട വിസിമാർ അയോഗ്യരാണെന്ന നിലപാടാണ് യുജിസിയും സ്വീകരിച്ചു. നേരത്തെ ഗവർണർ ഹിയറിങ്ങിന് വിളിപ്പിച്ചപ്പോൾ ഡിജിറ്റൽ സർവകലാശാലയുടെ വിസി നേരിട്ട് ഹാജരായിരുന്നു. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെയാണ് ഹിയറിങ്ങിന് ഹാജരായത്. എന്നാൽ ഓപ്പൺ സർവകലാശാല വിസി ഗവർണർക്ക് മുമ്പിൽ ഹാജരായിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com