ലോക്സഭാ തിരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണത്തിൽ അതിവേഗം നടപടി; സഞ്ജയ് കൗള്‍

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസിൽ പൊലീസ് അന്വേഷണം മന്ദഗതിയിൽ ആണെന്ന് തോന്നുന്നില്ലെന്ന് സഞ്ജയ് കൗള്‍ വ്യക്തമാക്കി
ലോക്സഭാ തിരഞ്ഞെടുപ്പ്; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണത്തിൽ അതിവേഗം നടപടി; സഞ്ജയ് കൗള്‍

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണത്തിൽ അതിവേഗം നടപടിയുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍. സോഷ്യൽ മീഡിയ നിരീക്ഷണത്തിന് സംസ്ഥാനത്ത് നോഡൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.വ്യാജപ്രചാരണം കണ്ടാൽ ഉടൻ പൊലീസ്‌ കേസെടുക്കുമെന്നും പാർട്ടികൾക്കും സ്ഥാനാർഥികൾക്കും നോട്ടീസ് നൽകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. വോട്ടെടുപ്പ് വെള്ളിയാഴ്ചയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ഇലക്ഷൻ കമ്മീഷനാണെന്നും സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളും ഇലക്ഷൻ കമ്മീഷന് കൈമാറിയെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.

എല്ലാ പ്രശ്നബാധിത ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി. എല്ലാ ചെക്ക് പോസ്റ്റുകളിലും സിസിടിവി നിരീക്ഷണം ഏർപ്പെടുത്തി. പെരുമാറ്റ ചട്ട ലംഘനം C-VIGlL ആപ്പിൽ രജിസ്റ്റർ ചെയ്യാം. പരാതികൾ അറിയിക്കാൻ ജില്ലകളിൽ 1950 എന്ന നമ്പറിലും ചീഫ് ഇലക്ടറൽ ഓഫീസിൽ 18004251965 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.

മാർച്ച് 18വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 2,72,80,160 വോട്ടർമാർ ഉള്ളതായി ചീഫ് ഇലക്ടറൽ ഓഫീസർ. 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും വോട്ടർ പട്ടികയിലുണ്ട്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും, 100 വയസ്സ് കഴിഞ്ഞ 2,999 വോട്ടർമാരും ഉണ്ട്. യുവ വോട്ടർമാർ 3,70,933 പേരും പ്രവാസി വോട്ടർമാർ 88,384 പേരും വോട്ടർ പട്ടികയിലുണ്ട്.

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസിൽ പൊലീസ് അന്വേഷണം മന്ദഗതിയിൽ ആണെന്ന് തോന്നുന്നില്ലെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി. വ്യാജ വോട്ടർ ഐഡി നിർമിക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും വോട്ടർ ലിസ്റ്റിൽ പേരുണ്ടെങ്കിലേ വോട്ട് ചെയ്യാനാകൂവെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com