പിണറായി ആദ്യം ജയിച്ചത് ആർഎസ്എസ് പിന്തുണയോടെ,സിപിഐഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധബന്ധം: വിഡി സതീശൻ

ആരോപണങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ പോയി അഗ്നിശുദ്ധി വരുത്തിയ ആളാണ് പി ജെ കുര്യനെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി
പിണറായി ആദ്യം ജയിച്ചത് ആർഎസ്എസ് പിന്തുണയോടെ,സിപിഐഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധബന്ധം: വിഡി സതീശൻ

തിരുവനന്തപുരം: സിപിഐഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധബാന്ധവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇരുപാർട്ടി നേതാക്കൾ തമ്മിൽ ബിസിനസ് ബന്ധമാണ്. ചർച്ചയുടെ ഫോക്കസ് മാറ്റുന്നതിന് വേണ്ടി മനഃപൂർവ്വം സിപിഐഎം മറ്റ് വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

മാന്യന്മാരായി ജീവിക്കുന്നവരുടെ വീട്ട് മുറ്റത്തേക്ക് പ്രമാണിമാർ കള്ള് കൊടുത്ത് ചിലരെ അയക്കും. അവര് വീടിന് മുന്നിൽ ചെന്ന് ചീത്ത വിളിയ്ക്കും. അതുപോലെ എം എം മണിയെ സിപിഐഎം ഇറക്കിവിട്ടിരിക്കുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു. വിഷയം മാറ്റാൻ ഒന്നില്ലെങ്കിൽ മണിയെ പാർട്ടി നിയന്ത്രിക്കണം. അല്ലെങ്കിൽ ആശുപത്രിയിൽ കാണിക്കാൻ പാർട്ടി തയ്യാറാകണമെന്നും വി ഡി സതീശൻ പറഞ്ഞു.

ആരോപണങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ പോയി അഗ്നി ശുദ്ധി വരുത്തിയ ആളാണ് പി ജെ കുര്യൻ. നിലവാരം കുറഞ്ഞ വർത്തമാനം പറഞ്ഞ് അധിക്ഷേപിക്കുന്നത് സിപിഐഎം ചെയ്യുന്ന തെറ്റാണ്. കഠിനമായ രീതിയിൽ കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

'കോൺഗ്രസ് ഇതിൻ്റെ മേലെ തൂങ്ങി അങ്ങ് പോകുമെന്നാണ് സിപിഐഎമ്മിന്‍റെ വിചാരം. ഇതിൻ്റെ മീതെ തൂങ്ങാൻ ഞങ്ങൾക്ക് സമയമില്ല. ബിജെപിയുടേയും സിപിഐഎമ്മിൻ്റേയും കൂട്ടുകെട്ട് തങ്ങൾ തുറന്ന് കാണിക്കും. മുഖ്യമന്ത്രി ആർഎസ്എസ് നേതാക്കളുമായി രഹസ്യമായ ചർച്ച നടത്തിയ ആളാണ്.
അതിന് ഇട നിലക്കാരനായി നിന്നത് ശ്രീ എം എന്ന ആളാണ്.
പ്രതിഫലമായി നാലേക്കർ സ്ഥലം സൗജന്യമായി പതിച്ച് നൽകി.
ആർഎസ്എസ്സുമായി അവിശുദ്ധമായ ബാന്ധവം എല്ലാക്കാലത്തും മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്' , വി ഡി സതീശൻ പറഞ്ഞു.

1977ൽ ആദ്യമായി പിണറായി വിജയൻ എംഎൽഎ ആയി ജയിച്ചത് ആർഎസ്എസ് പിന്തുണയോടെയാണ്. ആ ബന്ധം ഇപ്പോൾ ഊട്ടി ഉറപ്പിക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാ വിഷയം സിപിഐഎം ബിജെപി ബാന്ധവമാണ്. അവർ ഒരുമിച്ച് നിന്നാൽ അവരെ ഒരുമിപ്പിച്ച് കോൺഗ്രസ് തോൽപ്പിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

സുരേന്ദ്രൻ പറയുന്നു വടകരയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്ന്. തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. തൃശ്ശൂരിലും വടകരയിലും ബിജെപി സ്ഥാനാർത്ഥി ജയിക്കില്ല എന്ന് ബിജെപി നേതൃത്വത്തിന് അറിയാവുന്നതാണ്.
സുരേന്ദ്രൻ പറയുന്നത് എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കുമെന്നാണ്. വടകരയിലും തൃശ്ശൂരും എന്ത് വില കൊടുത്തും യുഡിഎഫിനെ തോൽപ്പിക്കുമെന്നാണ് സുരേന്ദ്രൻ പറയുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com