'കൊടിസുനിക്ക് മുടക്കോഴിമലയില്‍ ഭക്ഷണമെത്തിച്ച സ്ത്രീക്ക് സംഭവിച്ചതെന്ത്; സിപിഐഎം മറുപടി പറയണം'

എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കാന്‍ വടകരയില്‍ വോട്ട് ചോദിച്ച് കണ്ണൂരില്‍ നിന്ന് എത്തുന്ന സഖാക്കന്മാര്‍ തയ്യാറാകണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു
'കൊടിസുനിക്ക് മുടക്കോഴിമലയില്‍ ഭക്ഷണമെത്തിച്ച സ്ത്രീക്ക് സംഭവിച്ചതെന്ത്; സിപിഐഎം മറുപടി പറയണം'

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ക്ക് ഭക്ഷണമെത്തിച്ച സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മുടക്കോഴിമലയില്‍ ഒളിവില്‍ കഴിഞ്ഞ കൊടി സുനി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സ്ത്രീയെയാണ് ഏല്‍പ്പിച്ചത്. അവര്‍ക്ക് മാത്രമായിരുന്നു അങ്ങോട്ട് പ്രവേശനം. സുനി ഉള്‍പ്പെടെയുള്ളവര്‍ പിടിക്കപ്പെട്ട ശേഷം സ്ത്രീ ആത്മഹത്യ ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനു പോലും കാത്ത് നില്‍ക്കാതെ ആത്മഹത്യയ്ക്ക് ശേഷം ആ സ്ത്രീയെ കത്തിച്ച് കളയുകയായിരുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കാന്‍ വടകരയില്‍ വോട്ട് ചോദിച്ച് കണ്ണൂരില്‍ നിന്ന് എത്തുന്ന സഖാക്കന്മാര്‍ തയ്യാറാകണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ കേസിലെ പ്രതി കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയും രംഗത്തെത്തിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍

'കുഞ്ഞനന്തന്റേത് ഉള്‍പ്പെടെ ടി പി ചന്ദ്രശേഖന്റെ കൊലപാതകത്തിന് ശേഷം നിരവധി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനകത്ത് ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മുടക്കോഴിമലയില്‍ കൊടിസുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കാന്‍ സിപിഐഎം ഏര്‍പ്പെടുത്തിയത് ഒരു സ്ത്രീയെയാണ്. അവര്‍ക്ക് മാത്രമാണ് അവിടേക്ക് പ്രവേശനം ഉണ്ടായിരുന്നത്. കൊടിസുനി അടക്കമുള്ളവര്‍ക്ക് ഭക്ഷണം കൊടുത്തത് ഇവരായിരുന്നു. കൊടിസുനിയടക്കം പിടിക്കപ്പെട്ട ശേഷം പിന്നീടൊരു ദിവസം നമ്മള്‍ പത്രങ്ങളിലൂടെ വായിച്ചത് ഈ സ്ത്രീ ആത്മഹത്യ ചെയ്തുവെന്നാണ്. ഒരു പോസ്റ്റ്‌മോര്‍ട്ടത്തിന് പോലും കാത്തുനില്‍ക്കാതെ ആ സ്ത്രീയെ കത്തിച്ചുകളയുകയാണ് ചെയ്തത്. ആത്മഹത്യക്ക് ശേഷം ആ സ്ത്രീയുടെ മൃതശരീരത്തിന്റെ എന്തെങ്കിലും ബാക്കിവെക്കാതെ കത്തിച്ചുകളഞ്ഞു. ആ സ്ത്രീ ഗര്‍ഭിണിയായിരുന്നുവെന്ന വാര്‍ത്തയും ആ കാലയളവില്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തകയായ ആ സ്ത്രീക്ക് എന്ത് സംഭവിച്ചുവെന്ന് വടകരയില്‍ വോട്ട് ചോദിക്കാന്‍ വരുന്ന കണ്ണൂരിലെ സഖാക്കള്‍ കേരളത്തിലെ ജനതയോട് പറയാന്‍ ബാധ്യതയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com