പത്മജയെ ക്ഷണിച്ചിട്ടില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാനെന്നും ഇപി

ദല്ലാള്‍ നന്ദകുമാറിനെ അറിയില്ലെന്നും ഇ പി പറഞ്ഞു
പത്മജയെ ക്ഷണിച്ചിട്ടില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാനെന്നും ഇപി

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാനാണെന്ന് ഇപി പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ബിജെപി കേന്ദ്രമന്ത്രിമാരെ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണെന്നും ഇ പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇ പി ജയരാജന്‍ പറഞ്ഞിട്ട് പത്മജ വേണുഗോപാലിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടന്നുവെന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലും അദ്ദേഹം തള്ളി. പത്മജയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. ക്ഷണിച്ചിരുന്നെങ്കില്‍ അവര്‍ എല്‍ഡിഎഫിലേക്ക് വരില്ലേയെന്നും ഇപി ചോദിച്ചു. ദല്ലാള്‍ നന്ദകുമാറിനെ അറിയില്ലെന്നും ഇ പി പറഞ്ഞു.

സംഘപരിവാര്‍ ശക്തികള്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള നീക്കം നടത്തുകയാണ്. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് ചേരുകയാണ്. കോണ്‍ഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന നിലപാടാണ്. ബിജെപിയും കോണ്‍ഗ്രസും വന്‍തോതില്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങി. സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പ് പണക്കൊഴുപ്പില്‍ ആവില്ലായിരുന്നോ എന്ന് ചോദിച്ച ഇപി, സിപിഐഎമ്മും സിപിഐയും ഇലക്ടറല്‍ ബോണ്ടിനെതിരെ ആദ്യം മുതലേ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും പ്രതികരിച്ചു.

രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ബന്ധമില്ലെന്നും ഇപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല, ഫോണില്‍ വിളിച്ച ബന്ധം പോലുമില്ല. പത്രത്തിലും പടത്തിലും കണ്ട പരിചയം മാത്രമാണുള്ളതെന്നും ഇപി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇപി പ്രതികരിച്ചു. എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതെന്ന് ചോദിച്ച ഇ പി ജയരാജന്‍, തനിക്ക് ബിസിനസുണ്ടെങ്കില്‍ എല്ലാം സതീശന് എഴുതി കൊടുക്കാമെന്നും വെല്ലുവിളിച്ചു.

24 ചാനല്‍ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ഇപി ആരോപിച്ചു. കുറച്ചുകാലമായി 24 ചാനല്‍ തന്നെ വേട്ടയാടുന്നു. ആരുടെയോ കയ്യില്‍ നിന്ന് ക്വട്ടേഷനെടുത്താണ് തന്നെ വേട്ടയാടുന്നത്. ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. ആസൂത്രിതമായി വാര്‍ത്തകള്‍ നല്‍കുന്നു. സ്‌പോണ്‍സേര്‍ഡ് വാര്‍ത്തകളാണ് നല്‍കുന്നത്. ഇതിന് പിന്നില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യക്തിഹത്യ നടത്തുകയാണ്. ചാനലിനെതിരെ സൈബര്‍ കേസും ക്രിമിനല്‍ കേസും നല്‍കുമെന്നും ഇപി പറഞ്ഞു.

പത്മജയെ ക്ഷണിച്ചിട്ടില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത ഉണ്ടാകാനെന്നും ഇപി
രാജീവ് ചന്ദ്രശേഖറുമായി യാതൊരു ബന്ധവുമില്ല; 24 ചാനല്‍ തന്നെ വേട്ടയാടുന്നുവെന്നും ഇ പി ജയരാജന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com