മുരളീധരൻ ബിജെപിയിൽ വരും പക്ഷേ സമയമെടുക്കും: പത്മജ

'മുരളിയേട്ടൻ പെട്ടന്ന് പ്രതികരിക്കുന്നയാളാണ്. അതുകൊണ്ടുതന്നെ ബുദ്ധിവരാൻ സമയമെടുക്കും'
മുരളീധരൻ ബിജെപിയിൽ വരും    പക്ഷേ സമയമെടുക്കും: പത്മജ

കണ്ണൂര്‍: ഇന്ന് പറയുന്നത് നാളെ മാറ്റി പറയാൻ ബുദ്ധിമുട്ടില്ലാത്തയാളാണ് കെ മുരളീധരൻ എന്ന് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണു​ഗോപാൽ. 'കോൺ​ഗ്രസിന് കരുണാകരന്റെ മക്കളെ വേണ്ട, ആദ്യം എന്നെ ഓടിച്ചു. മുരളിയേട്ടൻ പെട്ടന്ന് പ്രതികരിക്കുന്നയാളാണ്. അതുകൊണ്ടുതന്നെ ബു​ദ്ധിവരാൻ സമയമെടുക്കും. അത് കഴിഞ്ഞാൽ അദ്ദേഹം വരും. മുരളിയേട്ടൻ വൈകാതെ ബിജെപിയിൽ ചേരും. കഴിഞ്ഞ ദിവസം പറഞ്ഞ പോലെ അദ്ദേഹത്തിനായി ഞാൻ പരവതാനി വിരിച്ചിട്ടിട്ടുണ്ട്'; പത്മജ പറഞ്ഞു.

'കെ കരുണാകരന്റെ മകളെന്ന നിലയ്ക്ക് കിട്ടുന്ന അംഗീകാരത്തിൽ അസൂയയുള്ളവരാണ് പലരും. എന്നെ ഫ്ലക്സിൽ വെക്കില്ലായിരുന്നു. സ്റ്റേജിൽ കയറ്റില്ലായിരുന്നു. കിട്ടിയ ഒരുപാട് കാര്യത്തിൽ കുറച്ചെങ്കിലും തിരിച്ചുകൊടുക്കുമ്പോൾ സന്തോഷമുണ്ട്. ഇനി ഭാരതീയ ജനതാ പാർട്ടിക്കൊപ്പം മരണം വരെ തുടരും. എന്റെ ഓരോ തുള്ളി രക്തവും ഈ പാർട്ടിക്ക് ഉള്ളതാണ്'.

'തൃശ്ശൂരിനെ അറിയുന്നയാളാണ് ഞാൻ. ഇപ്രാവശ്യം തൃശ്ശൂരിൽ ബിജെപി അകൗണ്ട് തുറന്നിരിക്കും. കോൺ​ഗ്രസിൽ പണ്ടത്തെ പോലെയല്ല, ഇപ്പോൾ ഓരോ നേതാക്കന്മാർക്കും ​ഗ്രൂപ്പാണ്. ഒരു നേതാവിനോട് മിണ്ടിയാൽ മറ്റേ നേതാക്കന്മാർ പിണങ്ങുമോ എന്ന് ഭയന്നാണ് പ്രവർത്തകർ കഴിയുന്നത്. ചെറിയ കുട്ടികൾക്ക് മുതൽ 90 വയസ്സുള്ളവർ‌ക്ക് വരെ ഞാൻ പത്മേച്ചിയാണ്. നിങ്ങളുടെ പത്മേച്ചിയായി ഞാൻ കൂടെ ഉണ്ടാകും. സഹോദരിയെ വിളിക്കുന്നത് പോലെ നിങ്ങൾക്ക് എന്നെ വിളിക്കാം'.

മുഖ്യമന്ത്രിമാരുടെ മക്കൾ ഇനിയും ബിജെപിയിലേക്ക് വരും. ഒന്നിലും പേടിയില്ല എന്നതും ചെയ്യുമെന്ന് പറഞ്ഞത് ചെയ്തിരിക്കു‌മെന്നതും കരുണാകരനിലു മോദിയിലുമുള്ള സാമ്യമാണ്. തന്റെ കുടുംബം ഭാരതമെന്ന് മോദി പറഞ്ഞു, അങ്ങനെ ഉള്ളവരെ വിശ്വസിക്കാം. അദ്ദേഹം എല്ലാവരെയും മക്കളായി കാണുന്നവരാണെന്നും പത്മജ പറഞ്ഞു.

നമ്മുടെ കേരളം ഇങ്ങനെ കിടന്നാൽ മതിയോ? കെ കരുണാകരന് ശേഷം ആര് കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തി? ആർക്കും താത്പര്യമില്ല. ഭരണത്തിൽ വരിക അഞ്ച് കൊല്ലം കഴിയുമ്പോൾ പോവുക ഇതാണ് എല്ലാവരും ചെയ്യുന്നത്. തന്റെ പിതാവ് തന്നെ ശപിക്കില്ലെന്നും അദ്ദേഹത്തിന്റെ കണ്ണീര് കണ്ടതാണ് താനാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com