മുഖ്യമന്ത്രിയുടേത് മുതലക്കണ്ണീര്‍, പൗരത്വനിയമത്തിനെതിരായ സമരത്തെ പിന്നില്‍നിന്ന് കുത്തി; ചെന്നിത്തല

'ലീഗ് ഒരു സ്വതന്ത്ര പാര്‍ട്ടിയാണ്. കുഞ്ഞാലിക്കുട്ടിക്ക് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കും'
മുഖ്യമന്ത്രിയുടേത് മുതലക്കണ്ണീര്‍, പൗരത്വനിയമത്തിനെതിരായ സമരത്തെ പിന്നില്‍നിന്ന് കുത്തി; ചെന്നിത്തല

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസും യുഡിഎഫുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. വോട്ട് തട്ടാനാണ് മുഖ്യമന്ത്രിയുടെ മുതലക്കണ്ണീര്‍. പൗരത്വനിയമത്തിനെതിരായ സമരത്തെ പിന്നില്‍ നിന്ന് കുത്തിയത് പിണറായി വിജയനാണെന്നും ചെന്നിത്തല ആരോപിച്ചു.

പ്രതിഷേധ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നേരിട്ടു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത് ഈ മുഖ്യമന്ത്രിയാണ്. ടി സിദ്ദിഖിനെ അടക്കം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. യോഗി ആദിത്യനാഥ് പോലും ചെയ്യാത്ത വിധത്തിലാണ് പിണറായി സമരത്തെ നേരിട്ടത്. കേസുകളിലൂടെ സമരത്തെ ദുര്‍ബലപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചു. മൂന്ന് മാസമായി വാര്‍ത്താസമ്മേളനം നടത്താത്ത മുഖ്യമന്ത്രി ഇപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തിയത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രസര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണ് പിണറായി സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാത്തത്. സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേസുകള്‍ പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തില്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചത് ആരാണ്? എന്നിട്ട് മാറി നിന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിനെ വിമര്‍ശിച്ച ആവേശം മുഖ്യമന്ത്രി ഗവര്‍ണറെ വിമര്‍ശിക്കുന്നതില്‍ കാണിച്ചില്ല. സിപിഐഎമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണു. പിണറായി വിജയന്റെ ഉപദേശം വേണ്ട. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ തയ്യാറാകണം. രാഹുലിന്റെ പ്രസംഗം തര്‍ജ്ജിമ ചെയ്യാന്‍ മുഖ്യമന്ത്രി ഒരാളെ ചുമതലപ്പെടുത്തണമെന്നും ചെന്നിത്തല പരിഹസിച്ചു.

'മുഖ്യമന്ത്രി നിലവാരമില്ലാതെ സംസാരിച്ചത് ദൗര്‍ഭാഗ്യകരമാണ്. പിണറായി വിജയന്‍ കാപട്യം വെടിയണം. എല്‍ഡിഎഫ് കണ്‍വീനര്‍ കുറേ ദിവസങ്ങളായി ബിജെപിക്ക് വേണ്ടി സംസാരിക്കുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന് ബിജെപി പോലും പറഞ്ഞിട്ടില്ല. പക്ഷെ ഇ പി ജയരാജന്‍ പറയുന്നു ബിജെപിയുടെ അഞ്ചു സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന്. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പങ്കാളിത്തമുള്ള ഇ പി ജയരാജന്‍ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ബിജെപിക്ക് വേണ്ടിയാണ് ഇ പി ജയരാജന്‍ വോട്ട് പിടിക്കുന്നത്.

മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് പറയുന്നതിന്റെ രാഷ്ട്രീയമെന്താണ്? ബിജെപിക്ക് അക്കൗണ്ട് തുറപ്പിക്കാനാണ് എല്‍ഡിഎഫ് കണ്‍വീനറും ഇടതുപക്ഷവും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ സിപിഐഎമ്മിന് അങ്കലാപ്പായി. കയ്യിലുള്ള ഒരു സീറ്റ് കൂടി നഷ്ടപ്പെടുമെന്ന് പേടിച്ചാണ് മുഖ്യമന്ത്രി അടക്കം കെ സി വേണുഗോപാലിനെ വിമര്‍ശിക്കുന്നത്.

ലീഗിനെ വിശ്വാസത്തിലെടുത്താണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. ഞങ്ങള്‍ ഒറ്റക്കെട്ടാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കുറേകാലമായി ശ്രമിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് പ്രധാനപ്പെട്ട ആരും ബിജെപിയിലേക്ക് പോയിട്ടില്ല. പത്മജ പോയത് ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനം ഇല്ല. ലീഗ് ഒരു സ്വതന്ത്ര പാര്‍ട്ടിയാണ്. കുഞ്ഞാലിക്കുട്ടിക്ക് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കും. യുഡിഎഫില്‍ പറഞ്ഞപ്പോഴൊക്കെ ചര്‍ച്ച് ചെയ്ത് പരിഹാരം കണ്ടിട്ടുണ്ട്', രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com