എന്തൊരു നുണയനാണ് മുഖ്യമന്ത്രി?,സിഎഎയ്‌ക്കെതിരെ വോട്ടു ചെയ്തത് സിപിഐഎം എംപി മാത്രമല്ല; രാഹുല്‍

സിഎഎ ബില്ലിനെതിരെ എതിര്‍ത്ത കേരളത്തിലെ ഏക എംപി ആരിഫാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
എന്തൊരു നുണയനാണ് മുഖ്യമന്ത്രി?,സിഎഎയ്‌ക്കെതിരെ വോട്ടു ചെയ്തത് 
സിപിഐഎം എംപി മാത്രമല്ല; രാഹുല്‍

തിരുവനന്തപുരം: സിഎഎ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളം പറഞ്ഞുവെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സിഎഎ ബില്ലിനെ എതിര്‍ത്ത കേരളത്തിലെ ഏക എംപി ആരിഫാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എന്തൊരു നുണയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി?. വെള്ളത്തിനെ തീപിടിപ്പിക്കുന്ന കളളമാണ് അയാള്‍ സ്ഥിരമായി പറയുന്നത്. ആ ശ്രേണിയിലെ ഒടുവിലത്തേതാണ് 'സിഎഎ ബില്ലിനെതിരെ എതിര്‍ത്ത കേരളത്തിലെ ഏക എംപി ആരിഫാ'ണ് എന്നത്. ആ ബില്ലിന്റെ വോട്ടിംഗിനെ സംബന്ധിച്ച് ലഭിക്കുന്ന ഔദ്യോഗിക രേഖകളില്‍ എതിര്‍ത്ത് വോട്ട് ചെയ്തവരുടെ പട്ടികയില്‍ കേരളത്തിലെ യുഡിഎഫ് എംപിമാരായ എല്ലാവരുടെയും പേരുണ്ട്. ബില്ലിനെയെതിര്‍ത്ത് പ്രസംഗിച്ച ഉജ്ജ്വല പ്രസംഗങ്ങളില്‍ ശശി തരൂരിന്റെയും എന്‍ കെ പ്രേമചന്ദ്രന്റെയും ഇ ടി മുഹമ്മദ് ബഷീറിന്റെയും ഒക്കെ ലോക്‌സഭ പ്രസംഗങ്ങള്‍ ഉണ്ട്. ഇതൊക്കെയറിഞ്ഞിട്ടും 'അമിത് ഷായെ കണ്ടപ്പോള്‍ പേടിച്ചു വിറച്ചു' എന്ന് സ്വയം പ്രഖ്യാപിച്ച ആരിഫാണ് സിഎഎ നിയമത്തെ എതിര്‍ത്തത് എന്ന കള്ളം പറയുന്ന ഈ നുണയനായ മുഖ്യമന്ത്രി എന്ത് സന്ദേശമാണ് ഈ നാടിന് നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

സിഎഎയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനോട് ഉന്നയിച്ച ചോദ്യങ്ങളിലാണ് ആരിഫിന്റെ കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചത്. എട്ട് ചോദ്യങ്ങളാണ് മുഖ്യമന്ത്രി കോണ്‍ഗ്രസ്സിനോട് ഉന്നയിച്ചത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ടെന്നും എഐസിസി പ്രസിഡന്റ് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയതെന്തിനെന്നും പിണറായി ചോദിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ട്? ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആളിപ്പടര്‍ന്ന 2019 ഡിസംബറില്‍ രാഹുല്‍ ഗാന്ധി എവിടെയായിരുന്നു? ബില്‍ അവതരിപ്പിച്ചപ്പോഴും തൊട്ടു പിന്നാലെയും അദ്ദേഹം പാര്‍ലമെന്റില്‍ ഹാജരായി നിലപാട് പറയാതിരുന്നത് എന്തുകൊണ്ടാണ്? പൗരത്വ ഭേദഗതി വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്താന്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സ് എന്തുകൊണ്ട് മുന്‍കൈയെടുത്തില്ല?

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരങ്ങളില്‍ നിന്നും കോണ്‍ഗ്രസ്സ് ഏകപക്ഷീയമായി പിന്മാറിയത് സമരത്തിന്റെ കരുത്ത് കുറയ്ക്കാനായിരുന്നില്ലേ? യോജിച്ച സമരങ്ങളില്‍ പങ്കെടുത്ത കേരളത്തിലെ പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ അച്ചടക്കവാള്‍ ഓങ്ങിയത് ആരെ പ്രീതിപ്പെടുത്താനായിരുന്നു?

ഡല്‍ഹി കലാപസമയത്ത് ഇരകള്‍ക്കൊപ്പം നിന്നത് ഇടതുപക്ഷമായിരുന്നില്ലേ? സംഘപരിവാര്‍ ക്രിമിനലുകള്‍ ന്യൂനപക്ഷ വേട്ട നടത്തിയ ആ ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് മൗനത്തിലായിരുന്നില്ലേ? എന്‍ഐഎ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത് കോണ്‍ഗ്രസ്സും ബിജെപിയും ഒരുമിച്ചായിരുന്നില്ലേ? ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിടുന്ന ഈ നിയമഭേദഗതിക്കെതിരെ ലോക്സഭയില്‍ കേരളത്തില്‍നിന്നും വോട്ടു ചെയ്തത് സിപിഐഎം എംപി മാത്രമാണ് എന്നത് നിഷേധിക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് പിണറായി കോണ്‍ഗ്രസ്സിനോട് ചോദിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com