സുരേഷ് ഗോപിയുടെ കിരീട സമര്‍പ്പണത്തില്‍ രാഷ്ട്രീയ ലക്ഷ്യമില്ല, വിശ്വാസം അംഗീകരിക്കണം: കെ മുരളീധരന്‍

മകളുടെ വിവാഹത്തിന് മുന്നോടിയായി നേര്‍ച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപി സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്.
സുരേഷ് ഗോപിയുടെ കിരീട സമര്‍പ്പണത്തില്‍ രാഷ്ട്രീയ ലക്ഷ്യമില്ല, വിശ്വാസം അംഗീകരിക്കണം: കെ മുരളീധരന്‍

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ കിരീട സമര്‍പ്പണം വിവാദമാക്കേണ്ടതില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എം പിയുമായ കെ മുരളീധരന്‍. ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം രാഷ്ട്രീയ ലക്ഷ്യം വെച്ചല്ലെന്നും മറ്റുള്ളവരുടെ വിശ്വാസം അംഗീകരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. മണിപ്പൂരില്‍ പള്ളി തകര്‍ത്തതിന്റെ പാപപരിഹാരമായാണ് സുരേഷ് ഗോപി കിരീടം സമര്‍പ്പിച്ചതെന്ന ടി എന്‍ പ്രതാപന്റെ ആരോപണത്തെ തള്ളുന്നതാണ് മുരളീധരന്റെ പ്രതികരണം.

മകളുടെ വിവാഹത്തിന് മുന്നോടിയായി നേര്‍ച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപി സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. നടപടിയില്‍ 'പാപക്കറ കഴുകിക്കളയാന്‍ സ്വര്‍ണ്ണക്കിരീടം കൊണ്ട് ആവില്ല' എന്നും പ്രതാപന്‍ പ്രതികരിച്ചിരുന്നു.

സുരേഷ് ഗോപി നല്‍കിയത് ചെമ്പില്‍ സ്വര്‍ണ്ണം പൂശിയ കിരീടമാണെന്ന ആക്ഷേപവും പിന്നാലെ ഉയര്‍ന്നിരുന്നു. കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം അറിയാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. പള്ളി വികാരിയെയും ട്രസ്റ്റിയെയും കൈക്കാരന്മാരെയും ചേര്‍ത്താണ് കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും.

കിരീടത്തില്‍ എത്ര സ്വര്‍ണ്ണമുണ്ടെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീലാ വര്‍ഗീസാണ് രംഗത്തെത്തിയത്. ബിജെപി, എല്‍ഡിഎഫ് മുന്നണികള്‍ തൃശൂരില്‍ വന്‍തോതില്‍ പണമൊഴുക്കിയെന്നും മുരളീധരന്‍ ആരോപിച്ചു. പണംകൊടുത്ത് വോട്ട് വിലക്ക് വാങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com