എസ്എഫ്‌ഐക്കെതിരെ കൊലക്കുറ്റം ചുമത്തണം, സിദ്ധാര്‍ത്ഥന്റെ മരണം കണ്ണുതുറപ്പിച്ചിട്ടില്ല: വി ഡി സതീശന്‍

'ഈ എസ്എഫ്ഐ ക്രിമിനലുകളെ ഇവർ നിയന്ത്രിച്ചില്ലെങ്കിൽ ഞങ്ങൾ തന്നെ മുന്നിട്ട് ഇറങ്ങേണ്ടി വരും'
എസ്എഫ്‌ഐക്കെതിരെ കൊലക്കുറ്റം ചുമത്തണം,  സിദ്ധാര്‍ത്ഥന്റെ മരണം കണ്ണുതുറപ്പിച്ചിട്ടില്ല: വി ഡി സതീശന്‍

കൊച്ചി: കേരള സര്‍വ്വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവ് പി എന്‍ ഷാജിയുടെ ആത്മഹത്യയില്‍ എസ്എഫ്‌ഐക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

എസ്എഫ്‌ഐ കൊടുംക്രൂരത വീണ്ടും ഒരു മരണത്തിനിടയാക്കി. സിദ്ധാര്‍ത്ഥന്റെ മരണം എസ്എഫ്‌ഐയുടെ കണ്ണുതുറപ്പിച്ചിട്ടില്ല. മുഖ്യമന്ത്രി ഒരുക്കിയ തണലിലാണ് എസ്എഫ്‌ഐ ക്രിമിനലുകള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നത്. എസ്എഫ്‌ഐ വീണ്ടും കേരള സമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

'എസ്എഫ്‌ഐക്കാര്‍ പറഞ്ഞത് കേട്ടില്ല എന്നതിന്റെ പേരില്‍ മുറിയില്‍കൊണ്ടുപോയി ഷാജിയെ ക്രൂരമായി മര്‍ദ്ദിച്ചു. അദ്ദേഹം വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ശരീരത്തില്‍ മുറിവുകളുണ്ട്. 51 വയസ്സുള്ളയാളെയാണ് എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചത്. ഇവന്റെയൊക്കെ അച്ഛനാകാന്‍ പ്രായമുള്ളയാളെയാണ് മുറിയില്‍കൊണ്ടുപോയി മര്‍ദിച്ചത്. സിദ്ധാര്‍ത്ഥിന്റെ മരണം ഇവരുടെ കണ്ണുതുറപ്പിച്ചിട്ടില്ല. എസ്എഫ്‌ഐ വീണ്ടും കേരള സമൂഹത്തെ വെല്ലുവിളിക്കുകയാണ്. സിദ്ധാര്‍ത്ഥിനും അമലിനും ശേഷം കോളേജില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും മര്‍ദിച്ചു. എസ്എഫ്‌ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മുഖ്യമന്ത്രി ഒരുക്കിയ തണലിലാണ് ക്രിമിനലുകള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നത്. രക്ഷകര്‍ത്താക്കള്‍ ഇറങ്ങി കുട്ടികളെ രക്ഷിക്കേണ്ട സ്ഥിതി. അപകടകരമായ നിലയിലേക്ക് എത്തി. കുഞ്ഞുങ്ങളെ കോളേജിലേക്ക് അയക്കാന്‍ ഭയമെന്ന് രക്ഷിതാക്കള്‍ ഫോണില്‍ വിളിച്ച് ആശങ്ക പറഞ്ഞു.' വി ഡി സതീശന്‍ പറഞ്ഞു.

എഫ്‌സിഐ ഗോഡൗണില്‍ കിടന്ന അരി കൊണ്ടുവന്നു ബിജെപിക്കാരെക്കൊണ്ട് വിറ്റഴിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അല്‍പ്പത്തരമെന്ന് പിണറായി സര്‍ക്കാര്‍ ആക്ഷേപിച്ചിരുന്നു. അതിനേക്കാള്‍ വലിയ അല്‍പ്പത്തരമാണ് കേരള അരിയുടെ പേരില്‍ മുഖ്യമന്ത്രി നടത്തുന്നത്. കെ റൈസ് എന്നെഴുതിയ സഞ്ചി മാത്രമാണ് ഇപ്പോള്‍ ഉള്ളത്. അവര്‍ ആരെയാണ് പറ്റിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാണോ എന്‍ഡിഎ കണ്‍വീനറാണോയെന്ന് സംശയത്തിലാണെന്നും വി ഡി സതീശന്‍ പരിഹസിച്ചു. സംഘ്പരിവാറിന്റെ ബി ടീമിന്റെ ക്യാപ്റ്റനാണ് ഇ പി ജയരാജന്‍. നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനും കോച്ചുമാണ് പിണറായി വിജയന്‍. കേരളത്തിലെ സിപിഐഎം ഏങ്ങോട്ടേക്കാണ് പോകുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. ബിജെപിയുടേത് മികച്ച സ്ഥാനാര്‍ത്ഥികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുകയാണ്. ബിജെപിയുമായി അന്തര്‍ധാര മാത്രമല്ല, ബിസിനസ് പാര്‍ടണര്‍ഷിപ്പും തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പാര്‍ട്ണര്‍ഷിപ്പിലാണ് ഇ പി ജയരാജന്‍ എന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ആര്‍എസ്എസ് പത്രമായിരുന്നു ഓര്‍ഗനൈസര്‍. അതിന്റെ ചുമതലയുള്ളയാളായിരുന്നു ബാലശങ്കര്‍. അദ്ദേഹം കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പറഞ്ഞത് സിപിഐഎമ്മുമായി ധാരണയുണ്ടായിരുന്നുവെന്നാണ്. പിഎം ഓഫീസുമായി അടുത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ബാലശങ്കര്‍. ആ ബന്ധം ഇപ്പോഴും തുടരുകയാണ്. ജയരാജന്‍ ആള് ഡീസന്റാണ്. സ്വന്തം പാര്‍ട്ണറെ തളളി പറയാന്‍ പറ്റില്ലല്ലോ. ഒരു സീറ്റില്‍ പോലും ബിജെപി അക്കൗണ്ട് തുറക്കാന്‍ യുഡിഎഫ് കേരളത്തില്‍ സമ്മതിക്കില്ലെന്നും വി ഡി സതീശന്‍ വെല്ലുവിളിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com