എക്സൈസ് ഓഫീസിലെ ലോക്കപ്പ് മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക
എക്സൈസ് ഓഫീസിലെ ലോക്കപ്പ് മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പാലക്കാട്: എക്സൈസ് ഓഫീസിലെ ലോക്കപ്പിനുളളിൽ പ്രതി ഷോജോ ജോൺ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഇന്ന് രാവിലെയാണ് പ്രതിയായ ഇടുക്കി സ്വദേശി ഷോജോ ജോണിനെ പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ ലോക്കപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ഷോജോ ജോണിൻ്റെ ഭാര്യ ആരോപിച്ചിരുന്നു.

ഷോജോയെ എക്സൈസ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്നാണ് ഷോജോയുടെ ഭാര്യ ജ്യോതിയുടെ ആരോപണം. കുറ്റം സമ്മതിച്ചയാൾ ആത്മഹത്യ ചെയ്തു എന്ന് കരുതുന്നില്ല. ആത്മഹത്യ ചെയ്തു എന്ന് പറയുന്ന സമയത്ത് ഓഫീസിൽ ആരുമില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നും ജ്യോതി റിപ്പോർട്ടറിനോട് പറഞ്ഞു.

ഷോജോയുടെ കയ്യിൽ നിന്ന് വീട്ടിൽ വെച്ചു തന്നെ ഹാഷിഷ് ഓയിൽ പിടികൂടിയപ്പോൾ കുറ്റം സമ്മതിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ആത്മഹത്യ എങ്ങനെ ഉണ്ടായി എന്നാണ് കുടുംബം ചോദിക്കുന്നത്. മുമ്പ് ഒരു കേസിലും പ്രതിയല്ലാത്തയാളാണ് ഷോജോ എന്നും കുറ്റം സമ്മതിച്ച ഷോജോയോട് തന്റെ പേരിൽ നിരവധി കേസുകളുണ്ടെന്ന് എക്സൈസ് പറയുകയായിരുന്നുവെന്നും ജ്യോതി പറഞ്ഞു. ജാമ്യത്തിന് ശ്രമിക്കേണ്ട എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും ജ്യോതി റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഷോജോ ജോണിനെ രണ്ട് കിലോ ഹാഷിഷ് ഓയിലുമായി എക്സൈസ് പിടികൂടിയത്. കാടാങ്കോട്, ഇയാളുടെ വാടക വീട്ടിൽ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. മെഡിക്കൽ പരിശോധനയുൾപ്പടെ പൂർത്തിയാക്കി ഇന്നലെ രാത്രിയോടു കൂടി ഷോജോയെ എക്സൈസ് ഓഫീസിലേക്ക് എത്തിച്ചിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com