'അമ്മേ ഞാന്‍ തെറ്റുകാരനല്ല, പൊട്ടിക്കരഞ്ഞു'; ഷാജിയെ സുഹൃത്തുക്കള്‍ കുടുക്കിയത്, ആരോപണവുമായി കുടുംബം

കോഴ ആരോപണത്തില്‍ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്നലെ വൈകിട്ട് 6.45 ഓടെ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
'അമ്മേ ഞാന്‍ തെറ്റുകാരനല്ല, പൊട്ടിക്കരഞ്ഞു'; ഷാജിയെ സുഹൃത്തുക്കള്‍ കുടുക്കിയത്, ആരോപണവുമായി കുടുംബം

കണ്ണൂര്‍: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധി കര്‍ത്താവ് പി എന്‍ ഷാജിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. മകനെ കുടുക്കിയതാണെന്ന് ഷാജിയുടെ അമ്മയും, അടുത്ത സൃഹൃത്തുക്കളാണ് ഇതിന് പിന്നിലെന്ന് സഹോദരന്‍ അനില്‍ കുമാറും ആരോപിച്ചു. കോഴ ആരോപണത്തില്‍ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്നലെ വൈകിട്ട് 6.45 ഓടെ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

'ഞാനൊരു തെറ്റും ചെയ്തില്ലെന്ന് ഷാജി കലോത്സവത്തില്‍ നിന്ന് തിരിച്ചെത്തിയ ഉടനെ പറഞ്ഞു. കാലുപിടിച്ച് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അമ്മേ ഞാനൊരു തെറ്റും ചെയ്തില്ലെന്ന് പറഞ്ഞു. എന്നെ ആരോ കുടുക്കിയതാണെന്ന് പറഞ്ഞു. മൂന്ന് ദിവസം ഇത് തന്നെയാണ് പറഞ്ഞത്. ആരാണ്, എന്താണ് എന്നൊന്നും പറഞ്ഞില്ല.' ഷാജിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഷാജിയുടെ മുഖത്തെ പാടുകള്‍ കണ്ടപ്പോഴാണ് കാര്യം തിരക്കിയതെന്ന് സഹോദരന്‍ അനില്‍കുമാര്‍ പറഞ്ഞു. 'അവര്‍ ദേഹോപദ്രവം ചെയ്തില്ലെന്നാണ് ഷാജി പറഞ്ഞത്. എന്നെ പലയാളുകളും വിളിക്കുകയും സമീപിക്കുകയും ചെയ്തിരുന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എല്ലാം അറിയുന്ന ആള്‍ക്കാര്‍ തന്നെയാണ് ഇത് ചെയ്തതെന്നാണ് അവന്‍ പറഞ്ഞത്. കുടുക്കിയതാണ്.' അനില്‍ കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ട്. ആരോപണത്തിന് പിന്നാലെ ഷാജി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഷാജിയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. താന്‍ നിരപരാധിയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ഷാജി അടക്കം മൂന്ന് പേരെ കോഴ ആരോപണത്തിന്റെ പേരില്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജിബിന്‍, ജോമെറ്റ് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. കേരള യൂണിവേഴ്സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിരുന്നു നടപടി. പിന്നീട് ജാമ്യത്തിലിറങ്ങിയ ഷാജിയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മാര്‍ഗം കളി മത്സരത്തിനിടെ കൈക്കൂലി വാങ്ങി അനുകൂല വിധി പ്രഖ്യാപിച്ചുവെന്നതാണ് പരാതി. തിരുവാതിരക്കളി മത്സരത്തിലും കോഴ ആരോപണം ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com