സർവകലാശാല കലോത്സവം: വിധികർത്താവ് മരിച്ചതിന് ഉത്തരവാദികൾ എസ്എഫ്ഐ എന്ന് കെ സുധാകരൻ

നടന്നത് കിരാതമായ കൊലപാതകമാണെന്നും സുധാകരൻ ആരോപിച്ചു
സർവകലാശാല കലോത്സവം: വിധികർത്താവ് മരിച്ചതിന്   ഉത്തരവാദികൾ എസ്എഫ്ഐ എന്ന് കെ സുധാകരൻ

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സത്തിൽ കോഴ ആരോപണം നേരിട്ട വിധികർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. ഫലം അട്ടിമറിക്കാൻ എസ്എഫ്ഐ ഇടപെടൽ നടത്തിയെന്ന് സുധാകരൻ ആരോപിച്ചു. നടന്നത് കിരാതമായ കൊലപാതകമാണെന്നും സുധാകരൻ പറഞ്ഞു.

ഷാജിയുടെ മരണത്തിന് ഉത്തരവാദികൾ എസ്എഫ്ഐയാണ്.
എസ്എഫ്ഐ സമ്മർദ്ദത്തിന് ഷാജി വഴങ്ങാത്തതാണ് ശത്രുതക്ക് കാരണമായത്. അപമാനം സഹിക്കാതെയാണ് ഷാജി ജീവനൊടുക്കിയത്. ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

പരാതി എസ്എഫ്ഐ ഉണ്ടാക്കിയതാണ്. മരിച്ച അധ്യാപകനെ എസ്എഫ്ഐക്കാർ മർദ്ദിച്ചിരുന്നു. അധ്യാപകനെ ഫോൺ ചെയ്തും ഭീഷണിപ്പെടുത്തിയിരുന്നു. ആത്മഹത്യക്ക് കാരണമായവർ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ കലാപം നടക്കുമെന്നും സുധാകരന്‍ പറഞ്ഞു.

എല്ലാക്കാലത്തും എസ്എഫ്ഐ അക്രമം സഹിക്കാൻ കഴിയില്ല.
ഷാജിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം അന്വേഷിക്കണം. അടിസ്ഥാന കാരണത്തിലേക്ക് പൊലീസ് എത്തണമെന്നും സമഗ്ര അന്വേഷണം നടക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

കണ്ണൂർ ചൊവ്വ സ്വദേശി പി എൻ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. താൻ നിരപരാധിയാണെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

ഷാജി അടക്കം മൂന്ന് പേരെ കോഴ ആരോപണത്തിന്റെ പേരിൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജിബിൻ, ജോമെറ്റ് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേ‍ർ. കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിരുന്നു നടപടി. പിന്നീട് ജാമ്യത്തിലിറങ്ങിയ ഷാജിയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 10 മണിക്കായിരുന്നു ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ ഇന്നലെ വൈകീട്ട് ഷാജി ആത്മഹത്യ ചെയ്യുകയായിരുന്നു.

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ മാർഗം കളി മത്സരത്തിനിടെ കൈക്കൂലി വാങ്ങി അനുകൂല വിധി പ്രഖ്യാപിച്ചുവെന്നതാണ് പരാതി. തിരുവാതിരക്കളി മത്സരത്തിലും കോഴ ആരോപണം ഉയർന്നിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com