'രാജീവ് പഴയ ആർഷോ, ഇന്ന് ഡമ്മി മന്ത്രി,ചരിത്രമൊന്നും പറയിക്കരുത്'; വെല്ലുവിളിച്ച് ദീപ്തി മേരി വർ​ഗീസ്

രാജീവ് എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയായി വളർന്നത് എന്നൊക്കെ തനിക്ക് കൃത്യമായിത്തന്നെ അറിയാം. ആ ചരിത്രമൊന്നും തന്നെക്കൊണ്ട് പറയിക്കരുത് എന്നും ദീപ്തി.
'രാജീവ് പഴയ ആർഷോ, ഇന്ന് ഡമ്മി മന്ത്രി,ചരിത്രമൊന്നും പറയിക്കരുത്'; വെല്ലുവിളിച്ച് ദീപ്തി മേരി വർ​ഗീസ്

കൊച്ചി: മന്ത്രി പി രാജീവിനെതിരെ കോൺ​ഗ്രസ് നേതാവ് ദീപ്തി മേരി വർ​ഗീസിന്റെ ആക്ഷേപം. രാജീവ് ഡമ്മി മന്ത്രിയാണെന്ന് ദീപ്തി പരിഹസിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്ത് ദല്ലാളും ഇ പി ജയരാജനും സിപിഐഎമ്മിലേക്ക് തന്നെ വിളിച്ചിരുന്നു. അന്ന് തന്നെ താൻ അത് തള്ളിയതാണ്‌. ഇ പി ജയരാജൻ വന്ന് ചർച്ച നടത്തിയതു പോലും രാജീവ് അറിയാത്തത് അദ്ദേഹം ഡമ്മി മന്ത്രി ആയതുകൊണ്ടാണെന്നും ദീപ്തി പറഞ്ഞു.

രാജീവിനെ തനിക്ക് ഏറെ കാലമായി അറിയാം. 1990കളിൽ മഹാരാജാസ് കാലഘട്ടത്തിൽ അവിടെ പഠിക്കാത്ത രാജീവ് കോളേജ് ഹോസ്റ്റലിലെ ഇടി മുറിയിൽ വന്നിരുന്നു. ഇടിമുറികളിൽ എങ്ങനെ സിദ്ധാർഥൻമാരെ സൃഷ്ടിക്കാമെന്ന് ക്ലാസെടുത്തിരുന്നയാളാണ്. അന്ന് പെൺകുട്ടികളെ ഉൾപ്പടെ മോശം വാക്കുകൾ വിളിക്കുന്ന ആളായിരുന്നു രാജീവ്. പി എം ആർഷോ ഇന്ന് ഉപയോ​ഗിക്കുന്നതിനേക്കാൾ മോശം വാക്കുകൾ അന്ന് രാജീവ് ഉപയോ​ഗിച്ചിരുന്നു. ഡമ്മി മന്ത്രി മാത്രമാണ് പി രാജീവ്‌. പിണറായിയും മരുമോനും പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന ഡമ്മി മന്ത്രിയാണ്. അദ്ദേഹം എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയായി വളർന്നത് എന്നൊക്കെ തനിക്ക് കൃത്യമായിത്തന്നെ അറിയാം. ആ ചരിത്രമൊന്നും തന്നെക്കൊണ്ട് പറയിക്കരുത് എന്നും ദീപ്തി പറഞ്ഞു.

ഇ പി ജയരാജനല്ല, സീതാറാം യച്ചൂരി സിപിഐഎമ്മിലേക്ക് വിളിച്ചാലും പുല്ലുപോലെ തള്ളിക്കളയാനുള്ള രാഷ്ട്രീയ ഔന്നത്യവും സംഘടനാപരമായ പാരമ്പര്യവും തനിക്കുണ്ട്. അതുകൊണ്ടാണ് അന്നുതന്നെ കൃത്യമായി മറുപടി കൊടുത്തത്. ഇതൊന്നും രാജീവ് അറിയാത്തത് അദ്ദേഹത്തിന്റെ കുറ്റമല്ല. അത്ര വില മാത്രമേ സിപിഐഎം നേതൃത്വം അദ്ദേഹത്തിന് കൊടുക്കുന്നുള്ളൂ എന്നതുകൊണ്ട് സംഭവിക്കുന്നതാണെന്നും ദീപ്തി മേരി വർ​ഗീസ് പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ദീപ്തി മേരി വര്‍ഗീസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇ പി ജയരാജന്‍ സിപിഐഎമ്മിലേക്ക് തന്നെ ക്ഷണിച്ചെന്നാണ് ദീപ്തി മേരി വര്‍ഗീസ് പറയുന്നത്. കോണ്‍ഗ്രസ് വനിതാ നേതാവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ താന്‍ മുഖേനെ ഇ പി ജയരാജന്‍ ശ്രമിച്ചിരുന്നുവെന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വിഷയം ചർച്ചയായത്. പിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ച് ദീപ്തി രം​ഗത്തെത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com