പോരാട്ടം ബിജെപിയും എൽഡിഎഫും തമ്മിൽ; ബിജെപിയുടേത് നല്ല സ്ഥാനാർത്ഥികൾ; ഇ പി ജയരാജൻ

ബിജെപിയെ പ്രതിരോധിക്കുന്നതിനും ഇന്ത്യയിൽ നിന്ന് ഭരണം അവസാനിപ്പിക്കുന്നതിനും ഇടതുപക്ഷത്തിൻ്റെ കരുത്ത് വേണമെന്നും ഇ പി അഭിപ്രായപ്പെട്ടു
പോരാട്ടം ബിജെപിയും എൽഡിഎഫും തമ്മിൽ;  ബിജെപിയുടേത് നല്ല സ്ഥാനാർത്ഥികൾ;  ഇ പി ജയരാജൻ

കോഴിക്കോട്: ലോകസ്ഭാ തിരഞ്ഞെടുപ്പ് പോരാട്ടം ബിജെപിയും എല്‍ഡിഎഫും തമ്മിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സംസ്ഥാനത്തെ പല പ്രധാന മണ്ഡലങ്ങളിലും ബിജെപിയ്ക്ക് നല്ല സ്ഥാനാര്‍ത്ഥികളാണുള്ളത്. കരുത്തരായ സ്ഥാനാർത്ഥികളെ നിർത്തിയാണ് മത്സരിപ്പിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് കേരളത്തില്‍ പ്രബല ശക്തിയല്ലാത്തതാണ് ഇതിന് പിന്നിലെ കാരണമെന്നും ഇപി പറഞ്ഞു. ബിജെപിയെ പ്രതിരോധിക്കുന്നതിനും ഭരണം അവസാനിപ്പിക്കുന്നതിനും ഇടതുപക്ഷത്തിന് കരുത്ത് വേണമെന്നും ഇ പി അഭിപ്രായപ്പെട്ടു.

ബിജെപിയ്ക്ക് എല്ലാ മണ്ഡലങ്ങളിലും നല്ല സ്ഥാനാർത്ഥികളാണ്. ബിജെപി സ്ഥാനാർത്ഥികളിൽ പലരും പ്രമുഖരാാണ്. കരുത്തരായ സ്ഥാനാർത്ഥികളെ നിർത്തിയാണ് മത്സരിപ്പിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍,തൃശ്ശൂര്‍, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ കേന്ദ്രമന്ത്രിമാരാണ് മത്സരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. മറ്റു പല മണ്ഡലങ്ങളിലും നല്ല സ്ഥാനാർത്ഥികളാണ് ബിജെപിയുടേത്. തൃശ്ശൂരിൽ സുരേഷ് ഗോപിയാണ് മത്സരിക്കുന്നത്. എന്നാൽ ജയിക്കാനുള്ള സാധ്യതയില്ല. സ്വമേധയാ ജനങ്ങളുടെ മുന്നിൽ ചെറുതായിപ്പോയി. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. സിനിമയാണ് രാഷ്ട്രീയമെന്ന് ധരിച്ചാൽ അബദ്ധം സംഭവിക്കും. അദ്ദേഹത്തിന് അത്തരം ധാരണ ഉണ്ടായെന്നാണ് തോന്നുന്നതെന്നും ജയരാജൻ പറഞ്ഞു.

ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ച് കൊണ്ട് ജനങ്ങൾക്ക് നേരെ യുദ്ധം ചെയ്യുകയാണെന്നും ജയരാജൻ പറഞ്ഞു. ബിജെപിയെ പ്രതിരോധിക്കുന്നതിനും ഭരണം അവസാനിപ്പിക്കുന്നതിനും ഇടതുപക്ഷത്തിൻ്റെ കരുത്ത് വേണം. അതുകൊണ്ട് തന്നെ കോൺഗ്രസിൻ്റെ പിന്നിൽ അണിനിരക്കുന്നവർ ഇടതുപക്ഷത്തെയാണ് സഹായിക്കണ്ടേതെന്ന് ഇ പി പ്രതികരിച്ചു. ഇടതുപക്ഷമാണ് ജയിക്കേണ്ടത്. എങ്കിൽ മാത്രമേ ബിജെപിയെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂവെന്നും ഇ പി വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് കൂടുതൽ ആളുകൾ പോയിക്കൊണ്ടിരിക്കുന്നു. കോൺഗ്രസിന്റെ നേതാക്കളാണെങ്കിലും പടിപടിയായി പോകുന്നു കോൺഗ്രസിലാണ് അവർ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നതെന്നും ഇപി ജയരാജൻ പരിഹസിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com