സിഎഎക്കെതിരായി സുപ്രീം കോടതി പരിഗണിക്കുന്ന കേരളത്തിൻ്റെ സ്യൂട്ടിൽ ഭേദഗതി ആലോചിക്കും; പി രാജീവ്

സിഎഎ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീർക്കും
സിഎഎക്കെതിരായി സുപ്രീം കോടതി പരിഗണിക്കുന്ന കേരളത്തിൻ്റെ സ്യൂട്ടിൽ ഭേദഗതി ആലോചിക്കും; പി രാജീവ്

കൊച്ചി: സിഎഎ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീർക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിൻ്റെ സ്യൂട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. അതിൽ ഭേദഗതി വരുത്തുന്നതിൽ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുമെന്നും പി രാജീവ് വ്യക്തമാക്കി. കേരളം ഒറ്റക്കെട്ടായി സിഐഎക്കെതിരെ നിലകൊള്ളുമെന്ന് പറഞ്ഞ പി രാജീവ് 2019ലെ നിയമസഭ പ്രമേയം പാസാക്കിയപ്പോൾ കെപിസിസി പ്രസിഡന്റ്‌ പരിഹസിച്ചിരുന്നതും ചൂണ്ടിക്കാണിച്ചു.

സിഎഎ വിജ്ഞാപനം ഇലക്ടറൽ ബോണ്ടിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വന്നാൽ മാസങ്ങളോളം അത് ചർച്ച ചെയ്യേണ്ടി വരും. അതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. മോദി ഗ്യാരണ്ടിയിൽ അവർക്ക് തന്നെ വിശ്വാസമില്ല. അതിനാലാണ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമം വര്‍ഗീയ അജണ്ടയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി. ഒരു മതവിഭാഗത്തെ അന്യവത്കരിക്കുന്നു. നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനകീയനും നിയമപരവുമായ പോരാട്ടങ്ങളിലൂടെ എതിര്‍ക്കും. യോജിച്ച പ്രക്ഷോഭത്തിന് എല്ലാവരുമായും ചേരും. ജാതി, മത, രാഷ്ട്രീയ വേര്‍തിരിവ് അതിനില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ഇന്ന് വൈകുന്നേരമാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നത്. സിഎഎ നിയമത്തിൻ്റെ ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇതിനായി പോർട്ടൽ സജ്ജമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പ്രതിഷേധ സാഹചര്യം കൂടികണക്കിലെടുത്താണ് പൗരത്വ നടപടികൾ ഓൺലൈനാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിൻ്റെ പരിധിയിൽ വരുന്ന അപേക്ഷകൾ പരിഗണിക്കാൻ എംപവർഡ് സമിതികൾ രൂപീകരിക്കും. ജില്ലാതലത്തിലുള്ള സമിതികൾ മുഖേന ആണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൻ നൽകുന്ന രേഖകൾ പരിശോധിക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥൻ ഉണ്ടാകും. പൗരത്വം നൽകുന്നവർക്ക് ഡിജിറ്റൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇന്ത്യൻ വംശജർ, ഇന്ത്യൻ പൗരനെ വിവാഹം ചെയ്തവർ, ഇന്ത്യൻ പൗരന്റെ പ്രായപൂർത്തിയാകാത്ത മക്കൾ, അച്ഛനമ്മമാരിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിൽ തുടങ്ങിയവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം. 39 പേജുള്ള ചട്ടങ്ങൾ ആണ് വിജ്ഞാപനം ചെയ്തത്. അപേക്ഷയുടെ മാതൃക, സത്യവാചകത്തിന്റെ മാതൃക എന്നിവയും ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com