'മന്ത്രി കുത്തകകള്‍ക്ക് പരവതാനി വിരിക്കുന്നു'; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ സമരത്തിന് സിഐടിയു

'മന്ത്രി കുത്തകകള്‍ക്ക് പരവതാനി വിരിക്കുന്നു'; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ സമരത്തിന് സിഐടിയു

'ഭരണകക്ഷി യൂണിയനായിട്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മന്ത്രി കൂടിയാലോചന നടത്തുന്നില്ല'

കൊല്ലം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാര നീക്കത്തില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് സിഐടിയു. ഡ്രൈവിങ് ടെസ്റ്റ് സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുന്ന മന്ത്രി കുത്തകകള്‍ക്ക് പരവതാനി വിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കണ്‍വെഷനില്‍ (സിഐടിയു) വിമര്‍ശനമുയര്‍ന്നത്.

ഡ്രൈവിങ് സ്‌കൂള്‍ സംവിധാനം തകര്‍ക്കുന്ന ഗതാഗതമന്ത്രിയുടെ പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റും സിഐടിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ കെ ദിവാകരന്‍ പറഞ്ഞു. ഭരണകക്ഷി യൂണിയനായിട്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തില്‍ കൃത്യമായി നടന്നുകൊണ്ടിരിക്കുന്ന ഡ്രൈവിങ് ടെസ്റ്റിനെ സമൂഹത്തില്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നത് മന്ത്രിയാണെന്നും ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ വന്നതോടെയാണ് ഈ പ്രചാരണങ്ങളെല്ലാം നടക്കുന്നതെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചിരുന്നു. മന്ത്രിക്കെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. മാര്‍ച്ച് 20ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com