പൗരത്വനിയമം; ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പൗരത്വനിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പൗരത്വനിയമം; ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയുന്നതിന് പുറമെ ട്രെയിനിന് മുകളില്‍ കയറിയും പ്രതിഷേധിച്ചു. സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ സംഘടനയുടെ നേതൃത്വത്തില്‍ മിഡ്‌നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച്ച യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം. ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.

പൗരത്വനിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 2019 ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെയാണ് പൗരത്വ നിയമം പ്രാബല്യത്തില്‍വന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നതാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com