'എം വി ജയരാജൻ എതിരാളിയല്ല,'; കെ സുധാകരൻ

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റോഡ്ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എം വി ജയരാജൻ എതിരാളിയല്ല,'; കെ സുധാകരൻ

കണ്ണൂർ: ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം ജനം വിശ്വസിക്കില്ലെന്ന് കണ്ണൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ. എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ എതിരാളിയല്ലെന്നും സുധാകരൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റോഡ്ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ കേരളത്തിലെ കോൺഗ്രസ് മത്സരിക്കുന്ന16 മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചത്തീസ്ഗഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ 39 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ചത്തീസ്ഗഡിൽ മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, കർണാടകയിൽ ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷ് തുടങ്ങിയ പ്രമുഖർ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

കേരളത്തിലെ സിറ്റിങ്ങ് എംപിമാരിൽ ടി എൻ പ്രതാപൻ മാത്രമാണ് ഇത്തവണ മത്സരരംഗത്തില്ലാത്തത്. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരൻ ഇത്തവണ തൃശ്ശൂരിൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. 2019ൽ കോൺഗ്രസ് പരാജയപ്പെട്ട ആലപ്പുഴയിൽ ഇത്തവണ കെ സി വേണുഗോപാൽ മത്സരിക്കും. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം നിലനിനിന്നിരുന്നെങ്കിലും പിന്നീട് ദേശീയ നേതൃനിരയിലെ പ്രമുഖരെ തന്നെ ഇവിടെ മത്സരത്തിനിറക്കാൻ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

കേരളത്തിലെ മണ്ഡലങ്ങളും സ്ഥാനാർത്ഥികളും. തിരുവനന്തപുരം - ശശി തരൂർ, ആറ്റിങ്ങൽ - അടൂർ പ്രകാശ്, പത്തനംതിട്ട - ആൻ്റോ ആൻ്റണി, മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ - കെ സി വേണുഗോപാൽ, ഇടുക്കി - ഡീൻ കുര്യാക്കോസ്, എറണാകുളം - ഹൈബി ഈഡൻ, ചാലക്കുടി - ബെന്നി ബഹ്നാൻ, തൃശൂർ - കെ മുരളീധരൻ, ആലത്തൂർ - രമ്യാ ഹരിദാസ്, പാലക്കാട് - വി കെ ശ്രീകണ്ഠൻ, കോഴിക്കോട് - എം കെ രാഘവൻ, വയനാട് - രാഹുൽ ഗാന്ധി, വടകര - ഷാഫി പറമ്പിൽ, കണ്ണൂർ - കെ സുധാകരൻ, കാസർകോട് - രാജ് മോഹൻ ഉണ്ണിത്താൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com