സിദ്ധാര്‍ത്ഥന്‍ നേരിട്ടത് കണ്ണില്ലാത്ത ക്രൂരത, പരസ്യവിചാരണ; ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ട്

ഹോസ്റ്റലിലെ 21 ാം നമ്പര്‍ മുറിയിലെത്തിച്ച സിദ്ധാര്‍ത്ഥനെ അവിടെ വെച്ചും വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.
സിദ്ധാര്‍ത്ഥന്‍ നേരിട്ടത് കണ്ണില്ലാത്ത ക്രൂരത, പരസ്യവിചാരണ; ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. പരസ്യവിചാരണയാണ് കോളേജില്‍ നടന്നതെന്നും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥന്‍ ഭീകരമര്‍ദ്ദനവും പീഡനവും നേരിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായ റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ടി വി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) ആണ് പുറത്തുകൊണ്ടുവന്നത്.

സിദ്ധാര്‍ത്ഥന്‍ എങ്ങനെയാണ് മരിച്ചതെന്നും ഇത്രവലിയ ക്രൂരത ചെയ്യാനുള്ള കാരണവും കണ്ടെത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജില്‍ അടിയന്തിരമായ സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് യുജിസിക്ക് കൈമാറി.

18 പേര്‍ ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പലയിടങ്ങളിലായി മര്‍ദ്ദിച്ചു. ഹോസ്റ്റലിന്റെ നടുത്തളത്തിലും കുന്നിന്‍മുകളിലും അടക്കം നാലിടത്തുകൊണ്ടുപോയി മര്‍ദ്ദിച്ചിട്ടുണ്ട്. മര്‍ദ്ദിച്ചവര്‍, മര്‍ദ്ദിച്ച സ്ഥലം എന്നിവ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിറ്റി പട്ടികയുണ്ടാക്കിയിട്ടുണ്ട്. ഫെബ്രുവരി 21 നും 22 നുമാണ് ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ യുജിസിക്ക് പരാതി നല്‍കിയത്. ഭയം കാരണം പേര് വെക്കാതെയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെയായിരുന്നു അന്വേഷണം. ഈ റിപ്പോര്‍ട്ട് ഡീന്‍ യുജിസിക്ക് കൈമാറാന്‍ സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒടുവില്‍ ഡീനിനെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്. 22 പേര്‍ നേരിട്ട് ഉള്‍പ്പെടെ 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സംഭവിച്ചത്

ഫെബ്രുവരി 15 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥന്‍ വീട്ടിലേക്ക് പോകാനായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് പോയത്. സൗദ് റിസാല്‍, മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നിവര്‍ക്കൊപ്പമാണ് പോയത്. എന്നാല്‍ 15 ന് രാത്രി രഹന്‍ ബിനോയ്, അഭിജിത്ത് മോഹന്‍ എന്നിവര്‍ സിദ്ധാര്‍ത്ഥനെ തിരിച്ചുവിളിച്ചു. തുടര്‍ന്ന് 16 ന് രാവിലെ എട്ട് മണിക്ക് സിദ്ധാര്‍ത്ഥ് തിരിച്ചെത്തി. അന്ന് പകല്‍ സ്വാഭാവികമായി കടന്നുപോയെങ്കിലും 16 ന് രാത്രിയാണ് മര്‍ദ്ദനം ആരംഭിച്ചത്. ആദ്യം തൊട്ടടുത്തുള്ള മലയുടെ മുകളിലെ വാട്ടര്‍ ടാങ്കില്‍ വെച്ചായിരുന്നു മര്‍ദ്ദനം. അവിടെ വെച്ച് ക്രൂര മര്‍ദ്ദനമേറ്റു. ഇത് സംബന്ധിച്ച് നാല് പേര്‍ കമ്മിറ്റി മുമ്പാകെ സാക്ഷി മൊഴി നല്‍കി. മുഹമ്മദ് ഡാനിഷ്, ഹാഷിം, ആദിത്യന്‍, സൗദ് റിസാല്‍, രഹാന്‍ ബിനോയ്, ദേവരാഗ് എന്നിവരാണ് മര്‍ദ്ദിച്ചത്.

അതിനുശേഷം ഹോസ്റ്റലിലെ 21 ാം നമ്പര്‍ മുറിയിലെത്തിച്ച സിദ്ധാര്‍ത്ഥനെ അവിടെ വെച്ചും വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍, അമല്‍ ഇസാന്‍, ആസിഫ് ഖാന്‍, അരുണ്‍ കെ, കാശിനാഥന്‍, നസീഫ്, അമീന്‍ അക്ബര്‍ അലി, ആദിത്യന്‍, അല്‍താഫ്, ആകാശ്, ഗിരികൃഷ്ണന്‍, റസീന്‍ അബ്ദുള്‍ റീം, അജയ്, ശ്രീഹരി, സൗദ് റിസാല്‍, അതുല്‍ സോമന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. അവിടെ വെച്ചും ക്രൂരമര്‍ദ്ദനമാണ് സിദ്ധാര്‍ത്ഥന്‍ നേരിട്ടത്.

സിന്‍ജോ ജോണ്‍സണ്‍ സിദ്ധാര്‍ത്ഥന്റെ കഴുത്തില്‍പിടിച്ചുതൂക്കി നിര്‍ത്തിയെന്നും സ്റ്റീല്‍ അലമാരയോട് ചേര്‍ത്തുനിര്‍ത്തി അമര്‍ത്തിയെന്നും സിദ്ധാര്‍ത്ഥന്‍ റൂമില്‍ പേടിച്ച് വിരണ്ടിരിക്കുകയായിരുന്നുവെന്നും 57ാം സാക്ഷി മൊഴി നല്‍കി.

അടിവസ്ത്രം മാത്രമാണ് ധരിക്കാന്‍ സമ്മതിച്ചത്. അരുണ്‍ കെ സിദ്ധാര്‍ത്ഥിനെ തറയില്‍ നിന്ന് എടുത്തുയര്‍ത്തി. സിദ്ധാര്‍ത്ഥിനെ കൊണ്ട് വെള്ളം പോലെയുള്ളത് തുണി കൊണ്ട് തുടപ്പിച്ചു. ആസിഫ് ഖാനും കാശിനാഥനും ഗിരികൃഷ്ണനോട് അടിക്കാന്‍ പറഞ്ഞു. ഗിരികൃഷ്ണന്‍ സിദ്ധാര്‍ത്ഥിനെ അടിച്ചെന്നും 57-ാം സാക്ഷി മൊഴി നല്‍കി. അടിച്ച ശേഷം മുറിക്ക് പുറത്തിറങ്ങി ഗിരികൃഷ്ണന്‍ കരഞ്ഞു. 21-ാം മുറിയില്‍ നിന്ന് വലിയ നിലവിളിയും കരച്ചിലും കേട്ടെന്നും മൊഴി നല്‍കി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് കോറിഡോറിലൂടെ നടത്തിച്ചു. ഓരോ കതകും തട്ടി വിളിപ്പിച്ചു. ഉറങ്ങിയവരെ വിളിച്ചുണര്‍ത്തിച്ചുവെന്നുമാണ് 20 ാം സാക്ഷിയുടെ മൊഴി.

അടിവസ്ത്രം മാത്രമായിരുന്നു അപ്പോഴും സിദ്ധാര്‍ത്ഥിന്. എല്ലാവരെയും ഹോസ്റ്റല്‍ മുറികളുടെ പുറത്തേക്ക് വിളിപ്പിച്ചു. ഹോസ്റ്റലിന്റെ പുറത്ത് നടുമുറ്റത്ത് എത്തിച്ചു. അടിവസ്ത്രത്തില്‍ നിര്‍ത്തിച്ചു. കൂട്ടം ചേര്‍ന്ന് പരസ്യ വിചാരണ തുടങ്ങി. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പറയിപ്പിച്ചു. ക്ഷമാപണം നടത്തുന്നു എന്നും പറയിപ്പിച്ചു. പിന്നാലെ നടുമുറ്റത്ത് വെച്ച് മര്‍ദനം തുടങ്ങി. തല്ലുകയും ചവിട്ടുകയും ചെയ്തു. ബെല്‍റ്റും ചാര്‍ജറിന്റെ കേബിളും ഉപയോഗിച്ച് അടിച്ചു. 58, 63 സാക്ഷികളാണ് ഇക്കാര്യം മൊഴി നല്‍കിയത്. കാശിനാഥന്‍ ആണ് പല തവണ സിദ്ധാര്‍ത്ഥനെ ബെല്‍റ്റുകൊണ്ട് അടിച്ചതെന്നും മൊഴി നല്‍കി.

സിന്‍ജോ ജോണ്‍സണ്‍ മര്‍ദിച്ചത് ക്രൂരമായെന്നും മൊഴിയിലുണ്ട്. കാല് കൊണ്ട് നെഞ്ചിലും പുറത്തും പലതവതവണ ചവിട്ടി. കാലിന്റെ വിരല്‍ ഉപയോഗിച്ച് നെഞ്ചില്‍ ഞെരിച്ചു. നേരത്തെ മര്‍ദിച്ചവരെല്ലാം നടുത്തളത്ത് വെച്ച് വീണ്ടും മര്‍ദിച്ചു. കുനിച്ച് നിര്‍ത്തി പുറത്ത് പലതവണ അടിച്ചു. ആകാശ് തലയ്ക്കടിച്ചു. സാങ്കല്‍പിക കസേരയില്‍ പല തവണ ഇരുത്തി. മര്‍ദനം തുടര്‍ന്നു. ഇരിക്കാനാവാതെ പല തവണ സിദ്ധാര്‍ത്ഥ് നിലത്ത് വീണു. ഇതെല്ലാം കണ്ട് കൊണ്ട് നിന്ന പലരും മൊഴി നല്‍കിയില്ല. രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അടിക്കരുതെന്ന് പറഞ്ഞു. രോഹന്‍ രമേഷും പിജി വിദ്യാര്‍ത്ഥി നിതിന്‍ ശങ്കറുമാണത്.

പക്ഷേ മര്‍ദനം നിര്‍ത്താന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.പിന്നീട് ഒന്നാംനിലയിലെ ഡോര്‍മെട്രിയിലേക്ക് സിദ്ധാര്‍ത്ഥനെ എത്തിച്ചു. കാശിനാഥന്‍ അവിടെ വെച്ചും മര്‍ദനം തുടര്‍ന്നു. സിദ്ധാര്‍ത്ഥിന്റെ ശരീരം നിറയെ മര്‍ദനത്തിന്റെ പാടുകളുണ്ടെന്ന് 39-ാം സാക്ഷി മൊഴി നല്‍കി.

അടുത്ത ദിവസം രാവിലെ സിദ്ധാര്‍ത്ഥ് കട്ടിലില്‍ കരഞ്ഞ് കൊണ്ട് കിടക്കുകയായിരുന്നു. കഞ്ഞിവെള്ളം കുടിക്കാന്‍ നോക്കി. വേദന കൊണ്ട് കുടിക്കാനായില്ലെന്നും മൊഴിയില്‍ പറയുന്നു.

തൊണ്ടയില്‍ മുറിവ് ഉണ്ടായിരുന്നു. 18 ന് രാവിലെ തൊണ്ട വേദനിക്കുന്നു എന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. തൊണ്ടയില്‍ ചോര പൊടിഞ്ഞിരുന്നു. ഡോക്ടറെ കാണിക്കാന്‍ ആരും തയ്യാറായില്ല. പകരം മെഡിസിന്‍ കൊടുക്കാന്‍ നിര്‍ദേശിച്ചു

അഭിജിത്ത് മോഹനും അഖിലും ശ്യാം കൃഷ്ണനുമാണ് തൊണ്ട പരിശോധിച്ചത്. ഇവരാരും ഡോക്ടറെ കാണിച്ചില്ലെന്നും മൊഴി.

18 ന് രാവിലെ കഴിഞ്ഞതോടെ പിന്നെ ആരും സിദ്ധാര്‍ത്ഥിനെ കണ്ടില്ല. സുശാന്ത് കുമാര്‍ ബാത്ത് റൂം തള്ളിത്തുറന്ന് നോക്കി. സിദ്ധാര്‍ത്ഥ് തൂങ്ങിയ നിലയിലായിരുന്നു

മര്‍ദിച്ചവര്‍ പലരും ബാത്ത് റൂമിനടുത്ത് ഉണ്ടായിരുന്നു. സിന്‍ജോ ജോണ്‍സണ്‍ കുട്ടികളെ ഭീഷണിപ്പെടുത്തി. ഹോസ്റ്റലില്‍ നടന്നത് ഒന്നും പുറത്ത് പറയരുത് എന്ന്. 130 പേരുള്ള മെന്‍സ് ഹോസ്റ്റലില്‍ 100 ലേറെ പേരും ഒന്നും കണ്ടില്ലെന്നാണ് മൊഴി നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com