പത്മജയ്‌ക്കെതിരായ പരാമര്‍ശം; രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

കോൺഗ്രസിൻ്റെ സ്ഥാനാർഥി പട്ടിക ഇന്ന് വരുമെന്നും ചെന്നിത്തല
പത്മജയ്‌ക്കെതിരായ പരാമര്‍ശം; രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

ന്യൂഡൽഹി: പത്മജ വേണുഗോപാലിനെതിരായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തല. പത്മജക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസിൻ്റെ സ്ഥാനാർഥി പട്ടിക ഇന്ന് വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളത്തിനോടൊപ്പം മറ്റ് സംസ്ഥാനങ്ങളുടേതും പുറത്തിറക്കേണ്ടതുണ്ട്. അതിനാലാണ് പട്ടിക വൈകുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഏറ്റവും നല്ല പട്ടികയാവും പുറത്ത് വരിക. ബിജെപിയെയും എൽഡിഎഫിനെയും പരാജയപ്പെടുത്താൻ ഉതകുന്ന ലിസ്റ്റ് വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. എൽഡിഎഫ് പട്ടിക കണ്ടാൽ 70 ആണ് യുവത്വം എന്ന് വ്യക്തമാകുമെന്നും ചെന്നിത്തല പരിഹസിച്ചു.

ഇതിനിടെ കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം എം ഹസന് നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ സുധാകരൻ മത്സരിക്കുന്നതിനാലാണ് ചുമതല. തിരഞ്ഞെടുപ്പ് കാലത്തേക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പദ്മജ വേണുഗോപാലിനെതിരെ നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. 'ഇപ്പോൾ കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്. തന്തയ്ക്ക് പിറന്ന മകൾ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ' എന്നായിരുന്നു രാഹുൽ ചോദിച്ചത്. പത്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാൻ പോകുന്നത് ആകെ ഒരുവോട്ട് മാത്രമായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍ കെ കരുണാകരൻ എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും പരിഹസിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com