'ഭാരത് അരിയെന്ന പേരില്‍ തരുന്നത് റേഷനരി, കെ റൈസ് ബ്രാന്‍ഡില്‍ ജയ, കുറുവ മട്ട അരി'; ജി ആര്‍ അനില്‍

റേഷന്‍ കടകള്‍ വഴി 10.90 രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് ഭാരത് റൈസെന്ന പേരില്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി
'ഭാരത് അരിയെന്ന പേരില്‍ തരുന്നത് റേഷനരി, കെ റൈസ് ബ്രാന്‍ഡില്‍ ജയ, കുറുവ മട്ട അരി'; ജി ആര്‍ അനില്‍

തിരുവനന്തപുരം: ഭാരത് റൈസിന് ബദലായി കെ റൈസ് പ്രഖ്യാപിച്ച് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. കെ റൈസ് ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡ് ഒന്നിന് ഓരോ മാസവും അഞ്ച് കിലോ അരി നല്‍കുമെന്ന് പറഞ്ഞ മന്ത്രി ഭാരത് റൈസ് എന്ന പേരില്‍ വിതരണം ചെയ്യുന്നത് റേഷന്‍ അരിയാണെന്നും വിമര്‍ശിച്ചു.

'ജയ, കുറുവ, മട്ട അരി ഇനങ്ങളാണ് കെ റൈസ് ബ്രാന്‍ഡില്‍ വിതരണം ചെയ്യുക. ജയ-29, കുറുവ-30, മട്ട-30 എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് ജയ, കോട്ടയം, എറണാകുളം മേഖലയില്‍ മട്ട, പാലക്കാട്, കോഴിക്കോട് മേഖലകളില്‍ കുറുവ അരി ഇനങ്ങള്‍ വിതരണം ചെയ്യും', മന്ത്രി അറിയിച്ചു. റേഷന്‍ കടകള്‍ വഴി 10.90 രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് ഭാരത് റൈസെന്ന പേരില്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു.

കെ റൈസ് എന്നെഴുതിയ തുണിസഞ്ചി തയ്യാറാക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചാകും പദ്ധതിയുടെ ഉദ്ഘാടന തീയതി തീരുമാനിക്കുക.

ഭാരത് അരി 29 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വില നിശ്ചയിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ നിര്‍ദേശം. കേരളത്തിലെ ഭാരത് റൈസ് വിതരണമാണ് തെരെഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണായുധം. ഇത് തിരിച്ചടിയാകുമെന്ന ആശങ്ക കൂടി സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കെ-റൈസ് പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com