ഞാനായിരുന്നെങ്കിൽ ഡീനിനെ എപ്പോഴേ പുറത്താക്കിയേനെ, സിദ്ധാ‍ർത്ഥന്റേത് ഗ്യാങ് കില്ലിങെന്ന് സി ദിവാകരൻ

അരാഷ്ട്രീയ സംഘങ്ങൾ ക്യാമ്പസുകളിൽ തമ്പടിക്കുന്നുണ്ട്. ക്യാമ്പസുകൾ തടവറകൾ ആക്കുകയാണെന്നും സി ദിവാകരൻ
ഞാനായിരുന്നെങ്കിൽ ഡീനിനെ എപ്പോഴേ പുറത്താക്കിയേനെ, സിദ്ധാ‍ർത്ഥന്റേത് ഗ്യാങ് കില്ലിങെന്ന് സി ദിവാകരൻ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാ‍ർത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണം ​ഗ്യാങ് കില്ലിങ്ങാണെന്ന് സിപിഐ നേതാവ് സി ദിവാകരൻ. ഞെട്ടിക്കുന്ന അനുഭവമാണ് ഈ വാർത്ത കേട്ടപ്പോൾ ഉണ്ടായത്. ആർക്കും മറുപടി പറയാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാരിന് പോലും മറുപടി പറയാൻ കഴിയുന്നില്ല. അരാഷ്ട്രീയ സംഘങ്ങൾ ക്യാമ്പസുകളിൽ തമ്പടിക്കുന്നുണ്ട്. ക്യാമ്പസുകൾ തടവറകൾ ആക്കുകയാണെന്നും ക്യാമ്പസ് രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോട് നടന്നത് ഒരു ഗ്യാങ് കില്ലിങ് ആണ്. ഇത് സംഭവിച്ചു പോയതാണ് എന്ന് കരുതുന്നില്ല. ആലോചിച്ച് വിചാരണ ചെയ്തതാണ്. ഈ സംഭവം ഒരു പാഠമാണെന്നും ദിവാകരൻ ഓർമ്മിപ്പിച്ചു. ‌വിദ്യാഭ്യാസത്തിൻ്റെ ഹബ്ബ് ആകും എന്നാണ് പ്രഖ്യാപനം. ഇതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഭവിക്കുന്നത്. അന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദ്ദം സ്വാഭാവികമായും ഉണ്ടാകും.

ഞാൻ കൊണ്ടുവന്ന സർവകലാശാലയാണ്. ഞാനായിരുന്നുവെങ്കിൽ ഡീനിനെ എപ്പോഴേ പുറത്താക്കിയേനെയെന്നും അദ്ദേഹം പറഞ്ഞു. ഡീനിനെ സംരക്ഷിച്ചുകൊണ്ടുള്ള ചിഞ്ചു റാണിയുടെ പ്രതികരണത്തിലും മന്ത്രിമാരുടെ പ്രതികരണങ്ങളിലും മറുപടി പറയാനില്ലെന്നായിരുന്നു ദിവാകരന്റെ പ്രതികരണം.

സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാ‍ർത്ഥന്റെ മരണത്തിൽ കൊലപാതക സാധ്യതയെ പറ്റിയുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരുകയാണ്. വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ വീണ്ടും പരിശോധിക്കാനാണ് പൊലീസിൻ്റെ നീക്കം. സിദ്ധാർത്ഥിനെ മർദ്ദിച്ച സമയത്ത് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ദൃശ്യങ്ങൾ പകർത്തിയെന്ന നിഗമനത്തിലാണിത്.

കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുക വഴി കേസിലെ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ പുറത്ത് കൊണ്ട് വരാനാകുമെന്നും പൊലീസ് കണക്ക് കൂട്ടുന്നുണ്ട്. നിലവിൽ സിദ്ധാർത്ഥനെ ഹോസ്റ്റലിൽ പരസ്യവിചാരണയ്ക്ക് വിധേയമാക്കിയ ചിത്രങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. ചിത്രങ്ങൾ മുൻനിർത്തിയാണ് പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നത്.

ഫൊറൻസിക് പരിശോധന ഫലം നിർണായകമാണ്. തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്‌. മൃതദേഹം അഴിച്ചത് പ്രതികൾ ആണെന്നതിലും ദുരൂഹതയുണ്ട്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മുഖ്യപ്രതി സിൻജോ ജോൺസണുമായി സ‍ർവ്വകലാശാല ഹോസ്റ്റലിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത് നിർണായക തെളിവുകളാണ്. സിദ്ധാർത്ഥനെ മർദ്ദിക്കാൻ ഉപയോ​ഗിച്ച ​ഗ്ലൂ ​ഗണ്ണിന്റെ ഇലക്ട്രിക് വയർ, ഒരു ചെരിപ്പ് എന്നിവയാണ് കണ്ടെത്തിയത്. സംഭവ സമയത്ത് സിൻജോ ജോൺസൺ‌ ഉപയോ​ഗിച്ച ചെരിപ്പാണ് കണ്ടെത്തിയത്. പ്രതി ഇത് മുറിയിൽ ഒളിപ്പിച്ച് വെച്ചതായിരുന്നു. ഹോസ്റ്റലിലെ മുപ്പത്തി ആറാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com